കായംകുളത്തു നിന്ന് വീണ്ടും ഗവിയിലേക്ക്

Sunday 19 May 2024 12:02 AM IST

കായംകുളം : കായംകുളത്തുനിന്നും വീണ്ടും ഗവിയിലേക്കുള്ള ഉല്ലാസ യാത്ര കെ.എസ്.ആർ.ടി.സി തുടങ്ങി. . ഇത്തവണ റേറ്റ് അൽപം കൂടുതലാണങ്കിലും സഞ്ചാര പ്രിയർ ഏറെയുണ്ട്. മുൻപ് നടന്ന യാത്രകളെല്ലാം സൂപ്പർ ഹിറ്റുകളായതാണ് റേറ്റ് കൂടാൻ കാരണം.

കായംകുളം - ഗവി ഉല്ലാസ യാത്രയിൽ ടിക്കറ്റ്, എൻട്രി ഫീ, ഉച്ചഭക്ഷണം,ട്രെക്കിങ്ങ് ഉൾപ്പടെ ഒരാൾക്ക് 2050 രൂപയാണ് ഇപ്പോൾ ചിലവ് വരുന്നത്. ഇതോടൊപ്പം ഗവിയിൽ ട്രെക്കിങ്ങും ഈ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെളുപ്പിന് കായംകുളം ഡിപ്പോയിൽ എത്തിയാൽ രാത്രിയിൽ ഗവി കണ്ട് മടങ്ങാം. പത്തനംതിട്ട ജില്ലയിൽ പെരിയാർ ടൈഗർ റിസർവിനുള്ളിൽ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഗവി. ആനയും പുലിയും കടുവയും കാട്ടുപോത്തുകളും യഥേഷ്ടം വിഹരിക്കുന്ന ഇടം .ആങ്ങമൂഴി മുതൽ വള്ളക്കടവ് ചെക്ക്പോസ്റ്റ് വരെ 80 കിലോമീറ്റർ കാടിന്റെ യഥാർത്ഥ വന്യത അറിഞ്ഞുള്ള യാത്ര തന്നെയാണ് ഗവി യാത്രയുടെ ഹൈലൈറ്റ്.ശേഷം തേയിലത്തോട്ടങ്ങളുടെ മനോഹാരിതയും .ചെറിയ മഴ കൂടി ലഭിച്ചാൽ കോടമഞ്ഞ് പുതച്ച ഗവിയേയും കാണാം.
ആങ്ങമൂഴി ചെക്ക് പോസ്റ്റ് കടന്നാൽ വനത്തിലേക്ക് പ്രവേശിക്കും. കാടിനെ കീറി മുറിച്ചുള്ള പിന്നീടുള്ള യാത്രയിൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവിയാർ ഡാമുകളും നിരവധി വ്യൂ പോയിന്റുകളും വന്യമൃഗങ്ങളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

Advertisement
Advertisement