കടയിൽ പോയി പഴങ്ങൾ വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കുക; ഇല്ലെങ്കിൽ മാരക രോഗങ്ങൾ കൂടെക്കൂടും

Sunday 19 May 2024 12:05 AM IST

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ നിരോധിച്ച കാൽസ്യം കാർബൈഡ് എന്ന രാസവസ്‌തു ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യാപാരികൾക്കും ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർമാർക്കും നിർദ്ദേശം നൽകി. ഈ രാസവസ്‌തുവിനെതിരെ ജാഗ്രത പുലർത്താനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കാനും സംസ്ഥാനങ്ങൾക്കും നിർദ്ദേശമുണ്ട്.

മാമ്പഴം പോലുള്ള പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡ് ആർസെനിക്കിന്റെയും ഫോസ്‌ഫറസിന്റെയും അംശങ്ങൾ അടങ്ങിയ അസറ്റിലീൻ വാതകം പുറത്തുവിടുന്നു. ഇവ തലകറക്കം, ഇടയ്ക്കിടെയുള്ള ദാഹം, ബലഹീനത, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദ്ദി, ചർമ്മത്തിലെ അൾസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കാത്സ്യം കാർബൈഡിൽ നിന്ന് ആർസെനിക്, ഫോസ‌്ഫറസ് എന്നിവ നേരിട്ട് പഴങ്ങളിൽ എത്താനും സാധ്യതയുണ്ട്.

2011-ലെ ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും (വിൽപ്പന നിരോധനവും നിയന്ത്രണവും) ചട്ടങ്ങളിൽ പഴങ്ങൾ പഴുക്കുന്നതിൽ കാർബൈഡ് വാതകത്തിന്റെ ഉപയോഗം നിയന്ത്രിച്ചിരുന്നു. പഴങ്ങൾ പഴുപ്പിക്കുന്നതിന് നിയന്ത്രിത അളവിൽ എഥിലിൻ വാതകം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും എഥിലിൻ പൊടിരൂപത്തിൽ നിറച്ച ചാക്കുകൾ ഉപയോഗിച്ചു പഴങ്ങൾ പഴുപ്പിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കാർബൈഡ് അമിത അളവിൽ ഉള്ളിൽ ചെന്നാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും നാഡീവ്യൂഹത്തെയും തളർത്തും. എഥിലിൻ അധികമായി ഉപയോഗിച്ചു പഴുപ്പിച്ച പഴങ്ങൾ കഴിക്കുന്നത് മൂലം വയറ്റിൽ അൾസർ രൂപപ്പെടാനും അർബുദത്തിനും സാദ്ധ്യതയുണ്ട്.

Advertisement
Advertisement