രണ്ടാം കൃഷിയുടെ വിത ജൂൺ ഒന്ന് മുതൽ

Sunday 19 May 2024 12:13 AM IST

ആലപ്പുഴ : വേനൽമഴ പുഞ്ചകൃഷിയുടെ വിളവെടുപ്പിന് മീതെ ആശങ്ക പരത്തുമ്പോഴും രണ്ടാം കൃഷിയുടെ മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. ജൂൺ ഒന്നിന് വിത ആരംഭിച്ച് 20 പൂർത്തികരിക്കാനാണ് ജില്ലാ കൃഷിവകുപ്പ് അധികൃതരുടെ നിർദ്ദേശം. കുട്ടനാട് അപ്പർകുട്ടനാട് മേഖലയിലെ 30,000ഹെക്ടർ വിസ്തൃതി കൃഷിഭൂമിയിൽ വിവിധ കൃഷിഭവനുകളുടെ പരിധിയിൽ 9000ഹെക്ടർ പാടത്താണ് ഇത്തവണ രണ്ടാം കൃഷിയിറക്കുന്നത്. വിളവിറക്കാൻ ഒൻപത് ലക്ഷംമെട്രിക് ടൺ വിത്താണ് ആവശ്യമായിട്ടുള്ളത്. കേരള സീഡ് അതോററ്ററി, മണ്ണുത്തി കാർഷിക സർവകലാശാല, ജില്ലയിലെ സർക്കാർ വിത്ത് ഉത്പാദന കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ നിന്ന് വിതക്ക് ആവശ്യമായ വിത്ത് കൃഷി വകുപ്പ് ഉറപ്പാക്കി. ഇതിന് പുറമേ കർഷകർക്ക് അംഗീകൃത വിത്ത് ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് വിത്തു വാങ്ങാനുള്ള അനുമതിയും നൽകും. പുഞ്ചകൃഷിയുടെ വിളവെടുപ്പ് വൈകിയതിനാലാണ് ഇത്തവണ രണ്ടാം കൃഷിയുടെ നിലം ഒരുക്കൽ ജോലികൾ വൈകാൻ ഇടയാക്കി.

ഹ്രസ്വകാല വിളവ് മുഖ്യം

ഹ്രസ്വകാലവിളവുള്ള വിത്തിനങ്ങളാണ് രണ്ടാം കൃഷിയിൽ വിതയ്ക്കുന്നത്

100 മുതൽ 120 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന ജ്യോതി, മനുരത്‌നം, ത്രിവേണി, മകം തുടങ്ങിയവയാണ് ഉപയോഗിക്കുന്ന വിത്തുകൾ

 ഉമയും മനുരത്‌നവുമാണ് രണ്ടാംകൃഷിയിൽ കൂടുതൽ വിളവിറക്കാൻ നിർദ്ദേശം.

രണ്ടാം കൃഷി (കുട്ടനാട്, കരിനിലം)

ആകെ വിസ്തൃതി : 30,000 ഹെക്ടർ

വിളവിറക്കുന്നത് (പ്രതീക്ഷിക്കുന്നത്) : 9,000ഹെക്ടർ

ആവശ്യമായ വിത്ത്: 9,00,000 മെട്രിക് ടൺ

(ഉമയും മനുരത്‌നം)

"രണ്ടാംകൃഷിയുടെ വിത ജൂൺ ഒന്നിന് ആരംഭിച്ച് 20ന് പൂർത്തികരിക്കാൻ കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ആവശ്യമായ വിത്ത് വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.

സിന്ധു, ഡി.ഡി, കൃഷി വകുപ്പ്

Advertisement
Advertisement