നഷ്ടക്കണക്കായി നെല്ലും വാഴയും, പരിഹാരം ആർക്കറിയാം?

Sunday 19 May 2024 12:34 AM IST

തൃശൂർ: കൊടുംവരൾച്ചയിൽ നെല്ലും പിന്നാലെയുണ്ടായ കാറ്റിലും മഴയിലും വാഴയും കനത്തനാശം നേരിടുമ്പോൾ കർഷകരുടെ കൈയിലുള്ളത് കോടികളുടെ നഷ്ടക്കണക്ക് മാത്രം. എന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന ചോദ്യത്തിന് അധികൃതരെല്ലാം കൈമലർത്തുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കർഷകർ.

മുണ്ടകപ്പാടത്ത് വലിയ പ്രതിസന്ധി ഉണ്ടായില്ലെങ്കിലും കോൾപ്പടവുകളിൽ വിത്തിറക്കുന്നതിന് മുൻപേ ദുരിതം തുടങ്ങിയിരുന്നു. ചണ്ടിയും കുളവാഴയും സൃഷ്ടിച്ച തിരിച്ചടി പരിഹരിക്കുമ്പോഴേക്കും കൊടുംവരൾച്ചയായി. ഓരോ കോൾപ്പാടത്തിനും കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ട്. അടുത്ത തവണ കൃഷിയിൽ നിന്ന് വ്യാപകമായി പിൻമാറുമെന്ന മുന്നറിയിപ്പാണ് കർഷകർ നൽകുന്നത്.

നെല്ല് വളരെ കുറയുകയും കൂടുതൽ പതിരാവുകയും ചെയ്ത ചില കൃഷിയിടങ്ങളിൽ കൊയ്യാൻ പോലും കർഷകർ തയ്യാറായില്ല. പന്നിക്കര കോൾപ്പടവിലെ കർഷകർ നെല്ല് മുഴുവൻ കത്തിച്ചുകളയാനും ശ്രമിക്കുന്നുണ്ട്.

നഷ്ടം കോടികൾ

ഏക്കർക്കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തിയ നിരവധിപേരുണ്ട്. ഇവരിൽ 10 ലക്ഷം വരെ ഉത്പാദനച്ചെലവുള്ളവരുമുണ്ട്. കർഷകരുടെ പ്രാഥമിക കണക്കെടുപ്പിൽ ഓരോ കോൾപ്പടവുകളിലും കോടികളുടെ നഷ്ടമുണ്ട്. കൃഷിവകുപ്പ് നഷ്ടം കണക്കാക്കുമ്പോൾ പത്തിലൊന്ന് പോലും ലഭിക്കില്ലെന്ന ആശങ്കയുമുണ്ട്. നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയാണ് കർഷകസംഘങ്ങൾ.

പ്രാഥമിക കണക്കിൽ നഷ്ടം

പുല്ലഴി കോൾപ്പടവിൽ: 5 കോടിയോളം

ആറരക്കോടി നെല്ല് ലഭിക്കുമ്പോൾ, ഈയാണ്ടിൽ 1.65 കോടി രൂപയുടെ മാത്രം.

ജില്ലയിൽ മൊത്തം കോൾപ്പാടം: മുപ്പതിനായിരം ഏക്കർ


പച്ചക്കറിയിലും കണക്കിനപ്പുറം

വേനൽച്ചൂടിലെ കൃഷിനാശത്തിന് പ്രത്യേക പാക്കേജില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. പച്ചക്കറിയിലും നാശം കണക്കുകൾക്ക് അപ്പുറമാണ്. ഓണത്തിന് തയ്യാറാക്കിയ നേന്ത്രവാഴകളെ ചൂട് കാര്യമായി ബാധിച്ചിരുന്നു. തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ വിളകളെല്ലാം വാടിക്കരിഞ്ഞു. പൂർണമായ കൃഷിനാശം ഉണ്ടാകാത്തതിനാൽ ഇവ വിള ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടാത്തതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. വിള ഇൻഷ്വറൻസ് പദ്ധതിയിലാണ് ഭൂരിഭാഗം കർഷകരും പ്രീമിയം അടച്ചിട്ടുള്ളത്. 90 ശതമാനം വിളനാശം നേരിട്ടവർക്കാണ് ഇതിന്റെ പരിരക്ഷ. കാലാവസ്ഥാവ്യതിയാനം മൂലമുള്ള വിളവുകുറവ് പരിധിയിലില്ലെന്നും പറയുന്നു. ഇടമഴ കിട്ടുമ്പോഴാണ് ചെടികൾ തഴച്ചുവളർന്ന് പടർന്ന് പന്തലിക്കാറുള്ളത്. എന്നാൽ അതും ഉണ്ടായില്ല.

നഷ്ടപരിഹാരത്തിനായി റിപോർട്ട് സമർപ്പിച്ചിട്ടുണ്ട്. നഷ്ടപരിഹാരം എന്ന് ലഭ്യമാകുമെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.

- ഉഷ മേരി ഡാനിയേൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, തൃശൂർ

Advertisement
Advertisement