പുറത്ത് ചിരി, അകത്ത് കരച്ചിൽ

Sunday 19 May 2024 12:40 AM IST

കയ്യാലപ്പുറത്തെ തേങ്ങ എന്ന ചൊല്ലുപോലെയാണ് ആത്മഹത്യാ പ്രവണതയുള്ളവരുടെ മനോഗതി. കടുത്ത പിരിമുറുക്കത്തിലേക്കോ സന്തോഷത്തിലേക്കോ ചാഞ്ചാടാം. ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡർ (ബി.പി.ഡി) ആണിത്. ഒരു വനിതാഡോക്ടർ സൈക്യാടിസ്റ്റിന്റെ ചികിത്സയ്ക്കെത്തിയത് ഈ മനോനിലയുമായാണ്. കുടുംബാംഗങ്ങളുമായുള്ള പിണക്കങ്ങളും പ്രശ്‌നങ്ങളും അവരെ തളർത്തി. മരുന്നും പെരുമാറ്റ ചികിത്സയും കൊണ്ട് പിന്നീടിവർ ജോലിയിലും മെച്ചപ്പെട്ടു. ഇത്തരക്കാരുടെ കുടുംബാംഗങ്ങൾ കടന്നുപോകുന്നതും വലിയ പ്രതിസന്ധിയിലൂടെയാകും.

ബി.പി.ഡി കൂടുതലും സ്ത്രീകളിലാണ് കണാറുള്ളത്. പെട്ടെന്ന് ദേഷ്യവും സങ്കടവുമുണ്ടാകും. കുറ്റപ്പെടുത്തലുകൾ ഒട്ടും സഹിക്കാനാകില്ല. ആത്മഹത്യ ചെയ്യുമെന്ന് ഇടയ്ക്കിടെ പറയും. ഞരമ്പ് മുറിച്ചോ മറ്റോ ആത്മഹത്യക്ക് ശ്രമിക്കാം. ഡോക്ടർമാരാണെങ്കിൽ അധികഡോസ് മരുന്ന് കുത്തിവയ്ക്കാം. ചെറിയ കാര്യങ്ങൾക്ക് വഴക്കിടും. ആത്മഹത്യാക്കുറിപ്പ് പോലെ എന്തെങ്കിലുമൊക്കെ എഴുതിവയ്ക്കാം. മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗൂഗിളിൽ തെരയാനിടയുണ്ട്. വാശിയുള്ള ഇവർ സ്വയം പീഡിപ്പിക്കാം. ഡോക്ടർമാരിൽ മാത്രമല്ല, ആത്മഹത്യാ പ്രവണതയുള്ള ഒരു വിഭാഗത്തിൽ ബി.പി.ഡിയുണ്ട്.

'കയ്യാലപ്പുറത്തെ തേങ്ങ പോലെ' മനസ്

ബാഹ്യജീവിതത്തിൽ വിജയിക്കുമെങ്കിലും വ്യക്തിജീവിതത്തിൽ പരാജിതരായിരിക്കും ഇവർ. പൊതുജീവിതത്തിൽ നന്നായി ഇടപെടുന്ന ഇവർ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതാനിടയില്ല. ഒന്നിലും സ്ഥിരതയുണ്ടാകില്ല. പ്രണയം ഉൾപ്പെടെ മാറിക്കൊണ്ടിരിക്കും. ഇത്തരം ചാഞ്ചാട്ടങ്ങളിൽ പലരിലും കുറ്റബോധമുണ്ടാകാറില്ല. ജനിതക പ്രശ്‌നങ്ങളും ബാല്യകാലത്തെ ജീവിത സാഹചര്യങ്ങളും ഇത്തരക്കാരിൽ ഇടകലർന്ന് കാണാം. ബാല്യകാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയായവരിൽ മുതിരുമ്പോൾ മാനസിക പ്രശ്‌നങ്ങളുണ്ടാകാം. ചെയ്യുന്നതിന്റെ ഭവിഷ്യത്തുകളെപ്പറ്റി ഇവർ ആലോചിക്കില്ല. ഒന്നുകിൽ പൂജ്യത്തിൽ അല്ലെങ്കിൽ നൂറിൽ ആയിരിക്കും നിലയുറപ്പിക്കുക. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ പിൻതലമുറയെയും പിടികൂടാം.

'ഒന്നോ രണ്ടോ സുഹൃത്തുക്കളുമായി എപ്പോഴും ബന്ധം നിലനിറുത്തുമെങ്കിലും മറ്റുള്ളവരോട് എപ്പോൾ വേണമെങ്കിലും സൗഹൃദം നിഷേധിക്കും വിധമാണ് അവൾ പെരുമാറുക. ചിലപ്പോൾ എല്ലാ സുഹൃത്തുക്കളോടും അങ്ങനെ തന്നെയാവും! വ്യക്തിബന്ധങ്ങളിൽ കാര്യമായ അസ്ഥിരത പ്രധാന രോഗലക്ഷണമാണ്. വികലമായ സ്വയം ബോധമാണ് ശരിയെന്ന് സമർത്ഥിക്കാനുള്ള പരിശ്രമവും അതിനുവേണ്ടിയുള്ള വാഗ്വാദങ്ങളും തക്കങ്ങളും... വളരെ ചെറിയ കാര്യത്തിന് പോലും പ്രകോപിപ്പിക്കപ്പെട്ടാൽ ഉണ്ടാകുന്ന തീവ്രമായ വൈകാരിക പ്രതികരണങ്ങൾ പ്രവചിക്കാനാകില്ല. പലപ്പോഴും സ്വയം ദ്രോഹിക്കും വിധത്തിലും അപകടകരമായും പ്രവർത്തിക്കും. വികാര നിയന്ത്രണത്തിലെ വെല്ലുവിളികൾ കാരണം മാനസികാവസ്ഥ വ്യതിചലിച്ചുകൊണ്ടിരിക്കും. വർദ്ധിച്ച ശൂന്യതാബോധം, ഉപേക്ഷിക്കപ്പെടുമോ എന്ന തീവ്രമായ ഭയം എന്നിവ ഇത്തരക്കാരിൽ പ്രബലമാണ്.'

(ബി.പി.ഡിയെ തുടർന്ന് ഈയിടെ ജീവനൊടുക്കിയ യുവതിയുടെ അച്ഛന്റെ ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്)

ആത്മഹത്യ ചെയ്യുന്ന ബി.പി.ഡിക്കാർ 8 - 10%

പ്രശ്‌നമുണ്ടാകുമ്പോൾ മാത്രം ഇടപെടുന്നതിന് പകരം സ്ഥിരമായ 'സപ്പോർട്ട് സെൽ' വേണം. ആത്മഹത്യയ്ക്കു മുമ്പാണ് പ്രവർത്തിക്കേണ്ടത്. ചികിത്സയ്ക്ക് തുടർച്ചയുണ്ടാകണം.

- ഡോ. യു. വിവേക്, മനോരോഗ വിദഗ്ദ്ധൻ

Advertisement
Advertisement