മത്സരിക്കാത്തത് പ്രചാരണരംഗത്ത് ബി.ജെ.പിയെ ചെറുക്കാൻ പ്രിയങ്ക

Sunday 19 May 2024 12:58 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിര‌ഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയെ ചെറുക്കാൻ പാകത്തിൽ കോൺഗ്രസിനുവേണ്ടി പൂർണസമയം പ്രവർത്തിക്കുന്നതിനാണ് താൻ മത്സരരംഗത്ത് ഇറങ്ങാതിരുന്നതെന്ന് പ്രിയങ്ക ഗാന്ധി. സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പം താനും സ്ഥാനാർത്ഥിയായെങ്കിൽ അത് ബി.ജെ.പിക്ക് ഗുണം ചെയ്തേനെയെന്നും ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.

പ്രചാരണത്തിന്റെ ഭാഗമായി പതിനഞ്ച് ദിവസമായി ഞാൻ റായ്ബറേലിയിലാണ്. ഗാന്ധി കുടുംബത്തിന് ദീർഘകാല ബന്ധമുള്ള മണ്ഡലമാണ് റായ്ബറേലി. അതുകൊണ്ട് ‌ഞങ്ങൾ റായബ്റേലി സന്ദർശിക്കണമെന്നും അവരെ നേരിൽക്കാണണമെന്നും സംവദിക്കണമെന്നും ഇവിടത്തുകാർ ആഗ്രഹിക്കും. റിമോർട്ട് കൺട്രോളിലൂടെ റായ്ബറേലിയിൽ ജയിക്കാനാകില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഞാനും രാഹുലും മത്സരിച്ചിരുന്നെങ്കിൽ രണ്ടുപേർക്കും അവരവരുടെ മണ്ഡലങ്ങളിൽ ഏറ്റവും ചുരുങ്ങിയത് 15 ദിവസമെങ്കിലും ചെലവിടേണ്ടിവന്നേനെ. പാർട്ടിയുടെ പ്രചാരണം ഏറ്റെടുക്കാൻ ആളില്ലാതെവരും. അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമായിരുന്നു. അതുകൊണ്ട് നമ്മളിലൊരാൾ രാജ്യത്തുടനീളം പ്രചാരണം നടത്തുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചോ എം.പിയാകുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. കോൺഗ്രസ് തരുന്ന റോളിൽ പ്രവർത്തിക്കാനാണ് ആഗ്രഹം. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെ ചെയ്യുമെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറഞ്ഞു.

Advertisement
Advertisement