തീരുമാനം എടുക്കാൻ  അധീറിന് അധികാരമില്ല: ഖാർഗെ

Sunday 19 May 2024 1:28 AM IST

ന്യൂഡൽഹി: തൃണമൂൽ നേതാവ് മമതാ ബാനർജിക്കെതിരെ നടത്തിയ പരാമർശത്തിൽ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരിയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. കോൺഗ്രസിൽ തീരുമാനങ്ങളെടുക്കാൻ അധീറിന് അധികാരമില്ലെന്ന് ഖാർഗെ വ്യക്തമാക്കി.

ഹൈക്കമാൻഡാണ് പാർട്ടി തീരുമാനങ്ങളെടുക്കുന്നത്. അത് അനുസരിക്കണം. അനുസരിക്കാത്തവർ പുറത്തുപോകും. മമത ബാനർജി ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തിന് മുംബയിലെ വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു ഖാർഗെ.

മമത ബാനർജി ഇന്ത്യ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരുണ്ടാക്കിയാൽ പങ്കാളിയാകുമെന്നും പറഞ്ഞിട്ടുണ്ട്. അവർ ഇന്ത്യാ സഖ്യത്തിനൊപ്പം എന്നുതന്നെയാണ് അതിനർത്ഥം. ഇതിൽ തീരുമാനം പ്രഖ്യാപിക്കാൻ അധീർ ആരുമല്ലെന്നും ഖാർഗെ വ്യക്തമാക്കി.

നേരത്തെ അധീർ മമതയ്ക്കും തൃണമൂലിനുമെതിരെ നടത്തിയ പ്രസംഗം വിവാദമായിരുന്നു. തൃണമൂലിന് പകരം ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതാണ് നല്ലതെന്ന അധീറിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇതിന്റെ വീഡിയോ തൃണമൂൽ കോൺഗ്രസ് എക്സിൽ പുറത്തുവിട്ടതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരുന്നു.

ഇതിനിടെ മമതയ്‌ക്കെതിരായ തന്റെ വിമർശനങ്ങൾ വ്യക്തിപരമല്ലെന്ന് അധീർ പ്രതികരിച്ചു.

'ഇന്ത്യ' മുന്നണിയിലെ കക്ഷികളായ കോൺഗ്രസും തൃണമൂലും ബംഗാളിൽ എതിർധ്രുവങ്ങളിലായതിനാൽ മമതയും അധീറും തമ്മിൽ രൂക്ഷമായ വാക്‌പോര് പതിവാണ്.

Advertisement
Advertisement