ഛത്തീസ്ഗഢിൽ മാവോയിസ്റ്റിനെ വധിച്ചു

Sunday 19 May 2024 1:34 AM IST

റായ്‌പൂർ: ഛത്തീസ്ഗഢിലെ സുക്‌മ ജില്ലയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റിനെ വധിച്ചു. മാവോയിസ്റ്റ് കമാൻഡർ ദുധി ഹംഗയെയാണ് വധിച്ചത്. ഇയാളുടെ തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെന്നും ഇയാളുടെ പേരിൽ

16ലധികം കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

പോളമ്പള്ളി പൊലീസ് സ്റ്റേഷൻ ബഞ്ചർപാറ ഗ്രാമത്തിനടുത്തുള്ള വനത്തിൽ രാവിലെ 6.30നാണ് വെടിവയ്‌പ് നടന്നത്. മേഖലയിൽ

മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് സംഘം നടത്തിയ ഓപ്പറേഷനിടെ വെടിവയ്‌പ് ഉണ്ടാകുകയായിരുന്നു. ഏറ്റുമുട്ടൽ 25 മിനിട്ടോളം നീണ്ടുനിന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കണ്ടെത്തി. നിരവധി ആയുധങ്ങളും ബോംബ് നി‌ർമ്മാണ സാമഗ്രികളും കണ്ടെത്തി. മാവോയിസ്റ്റുകളിൽ

ചിലർ വനത്തിനുള്ളിലേക്ക് പോയിട്ടുണ്ടെന്നും ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 105 മാവോയിസ്റ്റുകളെയാണ് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ വധിച്ചത്. മേയ് 10ന് ബിജാപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെയും ഏപ്രിൽ 30ന് നാരായൺപൂർ, കാങ്കർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ പത്ത് മാവോയിസ്റ്റുകളെയും ഏപ്രിൽ 16ന് കാങ്കർ ജില്ലയിൽ 29 മാവോയിസ്റ്റുകളെയും വധിച്ചു.

Advertisement
Advertisement