കാനിൽ ' മന്ഥന്' പുതുജീവൻ

Sunday 19 May 2024 7:40 AM IST

പാരീസ്: വിഖ്യാത ഇന്ത്യൻ സംവിധായകൻ ശ്യാം ബെനഗലിന്റെ ' മന്ഥൻ" 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ക്ലാസിക് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. 1976ൽ റിലീസായ മന്ഥന്റെ റീസ്റ്റോർ ചെയ്ത 4കെ പതിപ്പാണ് പ്രദർശിപ്പിച്ചത്. സംവിധായകൻ ശിവേന്ദ്ര സിംഗ് ദുംഗാർപൂരിന്റെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് മന്ഥന് പുതുജീവനേകിയത്. ഇത്തവണ കാൻ ക്ലാസിക് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് മന്ഥൻ. ക്രൗഡ് ഫണ്ടിംഗിലൂടെ നിർമ്മിച്ച ആദ്യ സിനിമയാണ് മന്ഥൻ. ഡോ. വർഗീസ് കുര്യന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ക്ഷീര വിപ്ലവത്തെയും അമൂലിന്റെ വിജയഗാഥയേയും ആസ്ഥപദമാക്കിയുള്ളതാണ് ചിത്രം. അമൂലിന്റെ ഭാഗമായ 5 ലക്ഷം ക്ഷീര കർഷകരിൽ നിന്ന് 2 രൂപ വീതം സമാഹരിച്ചാണ് ചിത്രം നിർമ്മിച്ചത്. അന്തരിച്ച നടി സ്‌മിതാ പാട്ടിൽ, ഗിരീഷ് കർണാട്, നസീറുദ്ദീൻ ഷാ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ മന്ഥൻ മികച്ച ഹിന്ദി ഫീച്ചർ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. പ്രദർശനം കാണാൻ നസീറുദ്ദീൻ ഷാ,​ ഭാര്യയും നടിയുമായ രത്ന പട്നായിക്, സ്മിത പാട്ടീലിന്റെ മകനും നടനുമായ പ്രതീക് ബബ്ബർ, ഡോ. വർഗ്ഗീസ് കുര്യന്റെ മകൾ നിർമ്മല, അമൂൽ എം.ഡി ജയൻ മേത്ത എന്നിവർ എത്തി.

Advertisement
Advertisement