ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ടു; അറസ്റ്റിലായത് മുപ്പതുകാരൻ

Sunday 19 May 2024 1:06 PM IST

മുംബയ്: പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയുട‌െ ജനനേന്ദ്രിയം തുളച്ച് പൂട്ട് സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മുപ്പതുകാരനായ നേപ്പാളി യുവാവാണ് പിടിയിലായത്. മൂർച്ചയേറിയതും അറ്റം കൂർത്തതുമായ ബ്ലേഡുപോലുള്ള ആയുധം ഉപയോഗിച്ചാണ് 28കാരിയുടെ ജനനേന്ദ്രിയത്തിൽ മുകളിലും താഴെയുമായി ദ്വാരങ്ങൾ ഇട്ടത്. തുടർന്ന് അതിലേക്ക് ഇരുമ്പാണികൾ തിരുകി കയറ്റിയശേഷം പണ്ടുകാലങ്ങളിൽ നടപ്പിലുണ്ടായിരുന്ന ചാരിത്ര്യ പൂട്ടിന് സമാനമായി പിച്ചളപ്പൂട്ട് സ്ഥാപിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്:

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവാവിന് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു. ഇക്കഴിഞ്ഞ പതിനൊന്നിന് പരപുരുഷ ബന്ധത്തിന്റെ പേരിൽ ഇയാൾ ഭാര്യയെ മർദ്ദിക്കുകയും കൈകാലുകൾ തുണികൊണ്ട് കെട്ടിയിടുകയും ചെയ്തു. തുടർന്നായിരുന്നു കൊടുംക്രൂരത ചെയ്തത്. വേദന സഹിക്കാനാവാതെ യുവതി വാവിട്ട് നിലവിളിച്ചെങ്കിലും അയാൾ പിന്മാറിയില്ല. ആക്രമണത്തിൽ യുവതിയുടെ ശരീരത്തിൽ നിന്ന് രക്തംവാർന്നുപോവുകയും ചെയ്തു. നിലവിളികേട്ടെത്തിയ സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആണികളും പൂട്ടും ശരീരത്തിൽ നിന്ന് നീക്കംചെയ്തു.

യുവതിയുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസാണ് ഭർത്താവിനെ അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ആക്രമണത്തിനിരയായ യുവതി വീട്ടമ്മയാണ്. കാവൽക്കാരനായി ജോലിനോക്കുകയായിരുന്നു യുവാവ്.

ചാരിത്ര്യ പൂട്ട്

ഭർത്താവ് അടുത്തില്ലാത്ത സമയത്ത് ഭാര്യയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി പണ്ടുകാലങ്ങളിൽ ചില സമൂഹത്തിലുള്ളവർ ഉപയോഗിച്ചിരുന്നതായിരുന്നു ചാരിത്ര്യപ്പൂട്ട് എന്ന ചാരിത്ര്യപ്പട്ട. തുകൽ കൊണ്ടുണ്ടാക്കിയ ചാരിത്ര്യപ്പട്ട സ്ത്രീയുടെ അരയിൽ ധരിപ്പിച്ചശേഷം ഭർത്താവ് പൂട്ടും താക്കോലും ഉപയോഗിച്ച് അത് പൂട്ടിയെടുക്കും. യോനിയെ മാത്രമാണ് ഇത് മുഴുവനായി മൂടുന്നത്. അതിനാൽ മലമൂത്ര വിജർജനത്തിന് പ്രശ്നം ഉണ്ടാക്കിയിരുന്നില്ലത്രേ. യുദ്ധത്തിനും മറ്റുമായി പോകുന്ന പുരുഷന്മാരാണ് ഇത്തരം പൂട്ടുകൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. സ്ത്രീക്ക് സ്വമേധയാ ഇത് ഊരിമാറ്റാൻ കഴിഞ്ഞിരുന്നില്ല. ഊരിമാറ്റുകയോ കേടുപാടുകൾ ഉണ്ടാവുകയോ ചെയ്താൽ വഴിവിട്ട ബന്ധം ഉണ്ടായി എന്നാണ് ഉറപ്പിച്ചിരുന്നത്.

സാധാരണ ഗതിയിൽ തുകൽ കൊണ്ടാണ് ചാരിത്ര്യപ്പട്ട ഉണ്ടാക്കിയിരുന്നതെങ്കിലും ധനസ്ഥിതി അനുസരിച്ച് സ്വർണവും വെളളിയും പിത്തളയുമൊക്കെ തുകലിന് പകരം സ്ഥാനം പിടിച്ചിരുന്നു. യൂറോപ്പിൽ വ്യവസായവിപ്ലവത്തിന്റെ കാലത്ത്, പണിശാലകളിൽ കാമാസക്തരായ യജമാനന്മാരിൽ നിന്ന് രക്ഷപെടാൻ സ്ത്രീ തൊഴിലാളികൾ ഇതിനു സമാനമായ സംരക്ഷണപ്പട്ടകൾ സ്വയം അണിഞ്ഞിരുന്നതായി ചിലർ കരുതുന്നു. എന്നാൽ ചാരിത്യപ്പട്ട തികച്ചും ഒരു സങ്കല്പം മാത്രമായിരുന്നു എന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്.

Advertisement
Advertisement