പകർച്ചവ്യാധി ഭീഷണിയിൽ വിറച്ച് ജില്ല......... മരുന്നിന് പോലും ഇല്ല ഡോക്ടർമാർ

Monday 20 May 2024 12:35 AM IST

കോട്ടയം : പകർച്ചവ്യാധിഭീഷണിയിൽ ജില്ല പകച്ച് നിൽക്കുമ്പോഴും ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ പേരിന് മാത്രം. വൈറൽപ്പനിയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും, എലിപ്പനിയും, മഞ്ഞപ്പിത്തവും വ്യാപകമായി റിപ്പോർട്ട് ചെയ്യുകയാണ്. ദിനംപ്രതി ആയിരത്തിലധികം പേരാണ് വിവിധ ഗവ.ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നത്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. പലരും ക്ഷീണിതരായി സ്വകാര്യ ആശുപത്രികളിലേക്ക് മടങ്ങുകയാണ്. പക്ഷെ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ബിൽ. ഒരാൾക്ക് മിനിമം 1000 രൂപയാകും. ട്രിപ്പിട്ട് കിടത്തിയാൽ ഇത് 2000 ആകും. അഡ്മിഷൻ കാർഡിന് മിനിമം 150 - 200 രൂപ , ഡോക്ടർക്ക് 200 - 500 രൂപ. ഇത് കൂടാതെ വിവിധ പരിശോധനകൾ വേറെയും. എല്ലാം കഴിഞ്ഞ് ഒരു കെട്ട് മരുന്ന് കൂടിയാകുമ്പോൾ കുത്തുപാളയെടുക്കും. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലടക്കം രാത്രികാലങ്ങളിൽ ഡോക്ടർമാർ കുറവാണ്. രോഗികളുടെ തിരക്കേറിയാൽ നിലവിലുള്ളവരും അസ്വസ്ഥരാണ്.

സന്ധ്യമയങ്ങിയാൽ ഇവിടേക്ക് വരേണ്ട

എരുമേലി സർക്കാർ ആശുപത്രിയിൽ രാവിലെ 9 മുതൽ വൈകിട്ട് വരെയാണ് ഒ.പി പരിശോധന. 6 ഡോക്ടർമാരാണുള്ളത്. ആഴ്ചയിൽ ബുധനാഴ്ചകളിലാണ് തിരക്ക് കൂടുതൽ. മുക്കൂട്ടുതറ, മുട്ടപ്പള്ളി പ്രദേശങ്ങളിൽ രണ്ടുമാസത്തിനിടെ ആറുപേർക്കാണ് ഡെങ്കിപ്പിനി സ്ഥിരീകരിച്ചത്. നിലവിൽ ഡോക്ടർമാരുടെ സേവനവും മരുന്നുകളും ഉണ്ടെങ്കിലും രാത്രികാല ചികിത്സ നിലച്ചതാണ് സാധാരണക്കാർക്ക് തിരിച്ചടിയായിരിക്കുന്നത്. എരുമേലി കഴിഞ്ഞാൽ പിന്നെ സർക്കാർ ആശുപത്രിയുള്ളത് കാഞ്ഞിരപ്പള്ളിയിലാണ്. ഇതിന് കിലോമീറ്ററുകൾ സഞ്ചരിക്കണം.

പാലായിൽ നാല് ഡോക്ടർമാരുടെ ഒഴിവ്

മീനച്ചിൽ താലൂക്കിലെ പാവപ്പെട്ട കുടുംബങ്ങളുടെ ഏക ആശ്രയകേന്ദ്രമായ പാലാ ജനറൽ ആശുപത്രിയിൽ നാല് കൺസൾട്ടന്റ് ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. ഫാർമസിയിൽ ജീവനക്കാർ കുറവായതിനാൽ മരുന്നിനായി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം മുതൽ ഇ-ഹെൽത്ത് രജിസ്‌ട്രേഷൻ ആരംഭിച്ചതോടെ ഡോക്ടർമാരെ കാണാനുള്ള കാത്തിരിപ്പിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മൂവായിരത്തിലധികം പേരാണ് ദിനംപ്രതി ഇവിടെ ചികിത്സ തേടി എത്തുന്നത്. ഡയാലിസിസ് വിഭാഗത്തിൽ മൂന്ന് ഷിഫ്‌റ്റ് ക്രമീകരിച്ചിട്ടുള്ളതിനാൽ കൂടുതൽ പേർക്ക് ഡയാലിസിസ് സൗകര്യം ലഭ്യമായിട്ടുണ്ട്.

മുണ്ടക്കയത്തും ദുരിതം

മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോടികൾ മുടക്കി ബഹുനിലക്കെട്ടിടങ്ങൾ നിർമ്മിച്ചെങ്കിലും ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ അനുബന്ധ സൗകര്യങ്ങളോ ഇല്ല. അഞ്ഞൂറിലധികം രോഗികളാണ് ദിവസവും എത്തുന്നത്.

''

ഫാർമസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും. 24 മണിക്കൂറും ലാബ് പരിശോധന ആരംഭിക്കും.

-ഡോ. ടി.പി. അഭിലാഷ്‌കുമാർ, പാലാ ജന.ആശുപത്രി സൂപ്രണ്ട്

Advertisement
Advertisement