റിംഗ് റോഡിന്റെ കുരുക്കിൽ ശ്വാസംമുട്ടി നാട്ടുകാർ

Monday 20 May 2024 3:50 AM IST

കല്ലമ്പലം: വിഴിഞ്ഞം - നാവായിക്കുളം റിംഗ് റോഡ് നിർമ്മാണക്കുരുക്കിൽ ശ്വാസംമുട്ടി നാട്ടുകാർ. കരവാരം,നാവായിക്കുളം,നഗരൂർ,വെള്ളല്ലൂർ,പുളിമാത്ത് വില്ലേജുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് റിംഗ് റോഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ കുരുങ്ങിക്കിടക്കുന്നത്.ആകാശ സർവേയിലൂടെ റോഡിനുള്ള രൂപരേഖ തയ്യാറാക്കുകയും ഭൂസർവേ നടത്തുകയും ചെയ്തു. തുടർന്ന് 2022 ഒക്ടോബറിൽ 8 എ വിജ്ഞാപനം പുറപ്പെടുവിച്ച് ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് കടന്നു. പദ്ധതിക്കായി ഭൂമിയേറ്റെടുക്കേണ്ട 24 വില്ലേജുകളിൽ 11 വില്ലേജിലെ നടപടികൾ ഇതിനോടകം പൂർത്തിയായി 3 ഡി വിജ്ഞാപനമിറങ്ങി. 18 വില്ലേജുകളിൽ ഇനി വീണ്ടും 3 എ വിജ്ഞാപനം പുറപ്പെടുവിച്ച് നടപടികൾ തുടങ്ങണം.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമായതോടെ കേരള സർക്കാർ ഇതിൽ നിന്ന് ഏതാണ്ട് പിൻവാങ്ങിയ മട്ടാണ്. കേന്ദ്രമാണെങ്കിൽ പച്ചക്കൊടി കാട്ടിയിട്ടുമില്ല. ഇതിനിടയിൽ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്.റിംഗ് റോഡിനായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ രേഖകളെല്ലാം അധികൃതർക്ക് കൈമാറിയവരാണ് കുരുക്കിലായിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ നഷ്ടപരിഹാരം നൽകുമെന്നാണ് ഭൂമിയുടെ രേഖകൾ ഹാജരാക്കുമ്പോൾ അധികൃതർ പറഞ്ഞത്.

കല്ലിട്ടിരിക്കുന്ന ഭൂമിക്ക് സമീപ പ്രദേശങ്ങളിൽപ്പോലും നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നില്ല. പലരുടെയും ഭൂമിയിൽനിന്ന് കുറച്ച് ഭൂമിയാണ് റോഡിനായെടുക്കുന്നതെങ്കിലും മുഴുവൻ ഭൂമിയുടെയും പ്രമാണവും മുൻപ്രമാണവും കരം തീർത്ത രസീതും ബാദ്ധ്യതാസർട്ടിഫിക്കറ്റും ഹാജരാക്കണം. റോഡിനു വിട്ടുനൽകിയ ഭൂമി ഒഴിവാക്കി ബാക്കി ഭൂമിയിൽ എന്തെങ്കിലും ചെയ്യണമെങ്കിൽക്കൂടി രേഖകൾ തിരികെ ലഭിക്കണം.ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകാതെ ഇത് നടക്കുകയുമില്ല.

വെട്ടിലായി സാധാരണക്കാർ

സർക്കാരിനെ വിശ്വസിച്ച് ബാങ്ക് വായ്പയെടുത്തിരുന്ന പലരും വട്ടിപ്പലിശയ്ക്ക് പണം കടം വാങ്ങി വായ്പ അടച്ചുതീർത്താണ് രേഖകൾ കൈമാറിയത്. വീട് നഷ്ടപ്പെടുന്നവർ പലരും സമീപപ്രദേശത്ത് ഭൂമിക്ക് അഡ്വാൻസ് നൽകുകയും ചെയ്തു. ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെ ഇവരെല്ലാം കടക്കെണിയിലായി. ഇപ്പോൾ പലിശ കൊടുക്കാൻ പോലും നിവൃത്തിയില്ലാതെ ആത്മഹത്യയുടെ വക്കിലാണ് പലരും.

മക്കളുടെ ജീവിതവും പ്രതിസന്ധയിൽ

പല സ്ഥലങ്ങളിലായി ഭൂമി വാങ്ങാൻ ചിലർ നൽകിയ അഡ്വാൻസ് തുക സമയത്ത് ഇടപാട് നടക്കാത്തതിനാൽ നഷ്ടമായി. ഭൂമി പണയം വയ്ക്കാനോ വിൽക്കാനോ കഴിയാതെ പെൺമക്കളുടെ വിവാഹം മുടങ്ങിയവരും വിവാഹം നീട്ടിക്കൊണ്ടുപോകേണ്ടി വരുന്നവരുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വായ്പയെടുക്കാൻ കഴിയാത്തവരുണ്ട്. ഇങ്ങനെ റിംഗ് റോഡ് ശ്വാസംമുട്ടിക്കുന്നവർ നിരവധിയാണ്.

Advertisement
Advertisement