അതിവേഗം രോഗ വ്യാപനം,​ ഒച്ചു വേഗത്തിൽ പ്രതിരോധം

Monday 20 May 2024 12:01 AM IST

കോട്ടയം : മഴക്കാലത്തിന് മുമ്പ് നടത്താറുള്ള ശുചീകരണ ജോലികൾ പാളിയതോടെ ഇരട്ടി ദുരിതം പേറി ജില്ല. റോഡുകളിലടക്കം വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതുമൂലം വൈറൽ പനിയ്ക്ക് പുറമെ ഡെങ്കിപ്പനി , മഞ്ഞിപ്പിത്ത കേസുകളും വർദ്ധിച്ചു. കനത്തമഴയിൽ ഓടകൾ നിറഞ്ഞ് മാലിന്യം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയതോടെയാണ് സ്ലാബ് മാറ്റി വൃത്തിയാക്കൽ ആരംഭിച്ചത്. ഓടയിൽ നിന്ന് മാറ്റുന്ന മണ്ണും ചെളിയും അതേപടി ഓടയിലേക്ക് തന്നെ ഒലിച്ചിറങ്ങുന്ന വൃത്തിയാക്കലാണ് പലയിടത്തും നടന്നത്. ക്യാമറകൾ സ്ഥാപിച്ചതോടെ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി തദ്ദേശ സ്ഥാപനങ്ങളിലൊന്നും നടക്കുന്നില്ല. ഇതാണ് തെരുവ് നായ്ക്കളുടെ ശല്യത്തിനും പകർച്ചവ്യാധികൾക്കും വഴിയൊരുക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏപ്രിൽ 25 നകം തോടുകളുടെ ആഴംകൂട്ടാനും നീരൊഴുക്ക് വർദ്ധിപ്പിക്കാനും നിർദേശിച്ചെങ്കിലും എല്ലാം തിരഞ്ഞെടുപ്പ് തിരക്കിൽ കുരുങ്ങി. പകർച്ചവ്യാധിക്കെതിരെ രണ്ടാഴ്ച മുന്നേ മുന്നറിയിപ്പ് നൽകിയ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനം ഒരാഴ്ച കൂടി കഴിഞ്ഞേ തുടങ്ങൂ. കൊതുകിനെ തുരത്താൻ മരുന്നടിയും ഫോഗിംഗും വീടുകളിലും പൊതു സ്ഥലത്തും മുൻപ് നടത്തിയെങ്കിലും ഈ വർഷം ഇതൊന്നും നടന്നിട്ടില്ല.

30,000 രൂപ

മഴക്കാല പൂർവ ശുചീകരണത്തിന് ഒരു വാർഡിൽ 30,000 രൂപ വീതം ചെലഴിക്കാം.10,000 രൂപ വീതം ശുചിത്വമിഷൻ, എൻ.ആർ.എച്ച്.എം എന്നിവയിൽ നിന്നാണ് ലഭിക്കുക. ഹോട്‌സ്പോട്ട് ആയ മേഖലകളിൽ ശുചീകരണത്തിന് കൂടുതൽ പണം കൗൺസിൽ അംഗീകാരത്തോടെ നേടാം.

വൈകുന്ന പ്രതിരോധം

 27, 28 തീയതികളിൽ പൊതു, സ്വകാര്യ കിണറുകൾ ക്ളോറിനേഷൻ നടത്തും

 തിളപ്പിച്ചാറിച്ച് വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് ക്ലാസുകൾ

 ജൂൺ 1, 3,4 തീയതികളിൽ തൊഴിലാളികൾക്ക് എലിപ്പനി പ്രതിരോധ മരുന്ന് വിതരണം

Advertisement
Advertisement