യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; ഗുണ്ടാസംഘം പിടിയിൽ

Sunday 19 May 2024 6:03 PM IST

ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച ഗുണ്ടകൾ പിടിയിൽ. കൃഷ്ണപുരം സ്വദേശികളായ ചിന്തു, അമൽ, അനൂപ് ശങ്കർ എന്നിവരാണ് പിടിയിലായത്. അരുൺ പ്രസാദ് എന്ന യുവാവിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.

റെയിൽവേ ക്രോസിലിട്ട് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി ഹോട്ടലിൽ വച്ച് ഗുണ്ടകളും പൊലീസുമായി സംഘർഷമുണ്ടായിരുന്നു. സിവിൽ വേഷത്തിലായിരുന്നു പൊലീസ് ഹോട്ടലിലെത്തിയത്.ഇവിടെവച്ച് ഗുണ്ടകളിലൊരാൾ സിഗരറ്റ് വലിക്കുന്നത് കണ്ടു. ഇത് പൊലീസ് ചോദ്യം ചെയ്തു.

പൊലീസാണെന്നറിയാതെയാണ് ഗുണ്ടാ സംഘം വാക്കുതർക്കത്തിലേർപ്പെട്ടത്. പിന്നെ കൈയാങ്കളിയിലെത്തി. ഗുണ്ടകളിൽ ഒരാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൈയാങ്കളിക്കിടെ കൂട്ടത്തിലൊരാളുടെ ഫോൺ പോക്കറ്റിൽ നിന്ന് ചാടിപ്പോയി. ഇത് അരുൺ പ്രസാദിന് ലഭിക്കുകയും, യുവാവ് ഫോൺ പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. ഇതാണ് വിരോധത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

പ്രതികൾ റെയിൽവേ ക്രോസിലിട്ട് വടിവാൾ അടക്കമുള്ളവ ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഗുണ്ടകൾ തന്നെയാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.

അതേസമയം, ഗുണ്ടകളെ അമർച്ച ചെയ്യാൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന ഓപ്പറേഷൻ ആഗ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴയിൽ നിന്നടക്കം നിരവധി പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കരുവാറ്റ കന്നാലിപാലം ആദർശ് ഭവനത്തിൽ ആദർശിനെ (മുരുകൻ 22) കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പൂജപ്പുര, ഹരിപ്പാട്, തൃക്കുന്നപ്പുഴ എന്നീ സ്റ്റേഷനുകളിൽ കേസിൽ പ്രതിയായ ആദർശ് ഒളിവിലായിരുന്നു. തൃക്കുന്നപ്പുഴ ഇൻസ്‌പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ ശിവദാസമേനോൻ, സി.പി.ഒമാരായ രാഹുൽ ആർ.കുറുപ്പ്,രാജേഷ്, ജഗനാഥ്, വിശാഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.