മാലിന്യ വാഹിയായി വാമനപുരം നദി

Monday 20 May 2024 6:00 AM IST

പാലോട്: ഒരു നാടിന്റെ കുടിവെള്ള സ്രോതസായ വാമനപുരം നദിയിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നടപടിയെടുക്കാതെ അധികൃതർ. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും മറ്റും രാത്രിയിൽ തള്ളുന്നത് വാമനപുരം നദിയിലേക്കാണ്. കുടിവെള്ളക്ഷാമം നേരിടാൻ തുടങ്ങിയതോടെ നിരവധിപേരാണ് വാമനപുരം നദിയിൽ നിന്ന് വെള്ളം ഉപയോഗിക്കുന്നത്. ഈ വെള്ളം ഉപയോഗിക്കുന്നവരിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായും പരാതിയുണ്ട്. കോളിഫോം ബാക്ടീരിയയുടെ ഗണ്യമായ സ്വാധീനം ഈ കുടിവെള്ളത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനു പോലും ശാശ്വതമായ പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. ആറ്റിന് സമീപത്തെ പമ്പ് ഹൗസിൽ നിന്ന് ശേഖരിക്കുന്ന വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടാണ് പൈപ്പിലൂടെ കുടി വെള്ളമായി നൽകുന്നത്. ഹരിത കേരള മിഷന്റെ സഹകരണത്തോടെ വാമനപുരം നദി ശുചീകരിക്കാൻ പദ്ധതിയിട്ട് ലക്ഷങ്ങൾ ചിലവഴിച്ചുവെങ്കിലും നദി ഇപ്പോഴും മാലിന്യവാഹിയാണ്.

Advertisement
Advertisement