ബാലരാമപുരം -കളിയിക്കാവിള ദേശീയപാത വികസനം പെരുവഴിയിൽ

Monday 20 May 2024 1:00 AM IST

ഉദിയൻകുളങ്ങര: കരമന-കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം മുതലുള്ള പാതയുടെ നിർമ്മാണം നീളുന്നു. ബാലരാമപുരത്തെ കുരുക്ക് ഒഴിവാക്കാൻ സാധിക്കുന്ന പാത വൈകുന്നതിന് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നാണ് ആക്ഷേപം. റോഡ് വികസനം വേഗത്തിലാകാത്തതിനാൽ തമിഴ്നാട് അതിർത്തി സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് പല ആവശ്യങ്ങൾക്കായി എത്തുന്നവർ ബാലരാമപുരത്തെ കുരുക്കിൽപ്പെടേണ്ട അവസ്ഥയാണ്.

കൊടിനട മുതൽ കളിയിക്കാവിള വരെ പാത ഇരട്ടിപ്പിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം നിലവിലുണ്ടെങ്കിലും റോഡിന്റെ അലൈൻമെന്റ് എടുക്കൽ മാത്രമായി ജോലികൾ ചുരുങ്ങുകയായിരുന്നു. മെഡിക്കൽ കോളേജിലേക്ക് അടിയന്തര സാഹചര്യത്തിൽ രോഗികളെ കൊണ്ടുവരുന്ന ആംബുലൻസുകളും ബാലരാമപുരത്തെ ബ്ലോക്കിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്.

ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഇവിടങ്ങളിലുള്ള സ്ഥലമെടുപ്പ് നടക്കാത്തതെന്നാണ് ആരോപണം. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിലവിൽ 25 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. ഇനി അഞ്ഞൂറോളം പേർക്ക് തുക നൽകണമെന്നാണ് വിവരം.

കളിയിക്കാവിള വരെയുള്ള ദേശീയപാത വികസനത്തിന് രണ്ടായിരം കോടി രൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടൽ. രണ്ടുവർഷം കൊണ്ട് കളിയിക്കാവിളവരെ വീതികൂട്ടുമെന്നായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ പ്രഖ്യാപനം.

Advertisement
Advertisement