ദേശീയ പാത നശിപ്പിക്കൽ : കരാർ വാട്ടർഅതോറിട്ടി വക

Monday 20 May 2024 12:16 AM IST

പൊൻകുന്നം : കോടികൾ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിച്ച റോഡ് കുളംതോണ്ടാൻ വാട്ടർഅതോറിട്ടി വല്ല നേർച്ചയും നേർന്നിട്ടുണ്ടോ. ജനം ഇങ്ങനെ ചോദിച്ച് തുടങ്ങിയാൽ കുറ്റം പറയാനാകില്ല. ദേശീയപാതയിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല വാട്ടർഅതോറിട്ടിയുടെ ക്രൂരവിനോദം. പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കും. അത് കഴിഞ്ഞാൽ തട്ടിക്കൂട്ടി കുഴി മൂടി സ്ഥലം കാലിയാക്കും. ഇതിന്റെ ദുരിതം പേറുന്നത് യാത്രക്കാരാണ്. കണ്ണൊന്ന് തെറ്റിയാൽ അപകടമുറപ്പാണ്. കെ.വി.എം.എസ്.കവലയിൽ പൈപ്പ് സ്ഥാപിച്ചിടത്ത് മണ്ണിട്ട് മൂടിയ ഭാഗത്താണ് ഇപ്പോൾ അപകടസാദ്ധ്യത. മഴവെള്ളപ്പാച്ചിലിൽ മണ്ണൊലിച്ച് റോഡിലൂടെ പരന്നൊഴുകുകയാണ്. കെ.വി.എം.എസ്.ജംഗ്ഷൻ മുതൽ ഇൻഡ്യൻ ഓയിൽ പമ്പ് വരെ റോഡിലൂടെ നടക്കാൻ കഴിയത്ത അവസ്ഥ. മണ്ണിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. ഈ ഭാഗത്ത് നിരവധി കുഴികളാണെടുത്തത്. കുഴിയും, മുഴയുമായി റോഡ് നശിച്ചു.

റോഡിൽ നിറയെ ഉരുളൻ കല്ലുകൾ

ഓടയുടെ മുകളിൽ മണ്ണ് നിരന്നു കിടക്കുന്നതിനാൽ മഴവെള്ളം ഓടയിൽ വീഴില്ല. റോഡിലും വശങ്ങളിലും ഉരുളൻ കല്ലുകളാണ് കിടക്കുന്നത്. കുഴിയെടുത്ത ഭാഗം ശരിയായ രീതിയിൽ മൂടാത്തതിനാൽ ദേശീയപാതയിൽ നിന്ന് കെ.വി.എം.എസ്.റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്. ദേശീയ പാതയിലെ മണ്ണ് ഉറപ്പിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

''

അടിക്കടി ദേശീയപാത കുഴിച്ച് അപകടക്കെണിയൊരുക്കുന്നത് വാട്ടർഅതോറിട്ടി അവസാനിപ്പിക്കണം. തുടർച്ചായി കുത്തിപൊളിക്കുന്നത് റോഡ് തകർച്ചയ്ക്കിടയാക്കും. ഇക്കാര്യത്തിൽ ജനപ്രതിനിധികളടക്കം ഇടപെട്ട് പരിഹാരം കാണണം.

-ഗോപാലകൃഷ്ണൻ, പൊൻകുന്നം

Advertisement
Advertisement