പോക്‌സോ കേസ് പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമമെന്ന് ആരോപണം : മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Monday 20 May 2024 1:39 AM IST

കോഴിക്കോട്: മലപ്പുറത്തെ പോക്‌സോ കേസ് പ്രതിയായ കൊണ്ടോട്ടി സ്വദേശി ആഷിക്കിനെ അറസ്റ്റ് ചെയ്യാതെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഒത്തുകളിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അതിജീവിതയുടെ പിതാവ് ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 12 കാരിയായ മകളെ മാതാവിന്റെ ആൺസുഹൃത്ത് വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പിതാവ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന് നൽകിയ പരാതി. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. വയനാട്ടിലെ റിസോർട്ടിലും കോഴിക്കോടും കൊണ്ടുപോയി പീഡിപ്പിച്ചതായി പിതാവ് പറയുന്നു. വിവരം പുറത്തു പറയുമെന്ന് പറപ്പോൾ പിതാവിനെ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് പ്രതി പറഞ്ഞു. മാതാവിനോട് വിവരം പറഞ്ഞെങ്കിലും പുറത്തു പറയരുതെന്ന് മാതാവ് അതിജീവിതയോട് ആവശ്യപ്പെട്ടു. അതിജീവിതയെ പ്രതിയെന്ന നിലയിലാണ് പൊലീസ് കൈകാര്യം ചെയ്തതെന്നും പിതാവ് പറഞ്ഞു. ഒരാഴ്ച മുമ്പ് മാത്രമാണ് പൊലീസ് പോക്‌സോ കേസെടുത്തത്. എന്നാൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പിതാവ് പറഞ്ഞു.

Advertisement
Advertisement