മോഷണശ്രമം; വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച് മോഷ്ടാവ്  

Monday 20 May 2024 1:45 AM IST

പെരിന്തൽമണ്ണ: ഏലംകുളം കുന്നക്കാവിൽ മോഷണ ശ്രമത്തിനിടെ മോഷ്ടാവ് വയോധികയുടെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ വയോധിക കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുന്നക്കാവ് വടക്കേക്കരയിലെ പോത്തൻകുഴി വീട്ടിൽ കല്യാണി (76)യെയാണ് ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ഇവരുടെ വീട്ടിൽ വെച്ച് മോഷ്ടാവ്
വെട്ടി പരിക്കേൽപിച്ചത്.
സംഭവ സമയത്ത് കല്യാണിയും പേരമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടുണർന്ന കല്യാണിയെ മോഷ്ടാവ് കൈയിലുണ്ടായിരുന്ന ആയുധം കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പറയുന്നത്. ഇവരുടെ ബഹളം കേട്ട് അയൽവാസികൾ എത്തുന്നതിനിടയിൽ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് രാത്രി വൈദ്യുതിയും ഉണ്ടായിരുന്നില്ല. ഓടിയെത്തിയ നാട്ടുകാർ ഉടൻ കല്യാണിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
പെരിന്തൽമണ്ണ എ.എസ്.പി പി.ബി.കിരൺ അടങ്ങുന്ന പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും ഫോറൻസിക്-വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് കുറച്ച് അകലെ നിന്നും ഒരു കത്തിയും കോടാലിയും കണ്ടെത്തുകയും ചെയ്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Advertisement
Advertisement