കരിപ്പൂരിൽ 8.8 കിലോ സ്വർണ്ണവും കാർട്ടൺ സിഗരറ്റും പിടികൂടി

Monday 20 May 2024 1:57 AM IST


കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 8.8 കിലോഗ്രാം സ്വർണ്ണവും 107000 കാർട്ടൺ സിഗരറ്റും പിടികൂടി. 6.3കോടി രൂപ വിലവരുന്നതാണ് സ്വർണ്ണം. 12.85 ലക്ഷം രൂപ വിലവരുന്നതാണ് സിഗരറ്റുകൾ. 12 യാത്രക്കാരിൽ നിന്നാണ് കള്ളകടത്ത് സാധനങ്ങൾ പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കള്ളകടത്ത് സാധനങ്ങൾ പിടികൂടിയത്. അടുത്തിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കരിപ്പൂരിൽ നടത്തിയ വൻ സ്വർണ്ണ വേട്ടയാണിത്. ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിയാണ് 682 ഗ്രാം സ്വർണ്ണം ഒളിച്ച് കടത്തുന്നതിനിടെ ആദ്യം പിടിയിലായത്. 48ലക്ഷം രൂപ വിലവരുന്നതാണ് സ്വർണ്ണം. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കുറ്റിയാടി സ്വദേശി 79 ലക്ഷം രൂപ വിലവരുന്ന 1122 ഗ്രാം സ്വർണ്ണവും, ദുബായിൽ നിന്നെത്തിയ വയനാട് സ്വദേശി 80.80 ലക്ഷം രൂപയുടെ 1124ഗ്രാം സ്വർണ്ണവുമായി പിടിയിലായി. മൂന്ന് പേരും ശരീരത്തിൽ ഒളിച്ച് വെച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്.
റാസൽഖൈമയിൽ നിന്ന് വന്ന മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്നായി 91 ലക്ഷം രൂപ വിലവരുന്ന 1274 ഗ്രാം സ്വർണ്ണവും 78ലക്ഷം രൂപ വിലവരുന്ന 1094 ഗ്രാം സ്വർണ്ണവും കണ്ടെടുത്തു. ശരീരത്തിൽ ഒളിച്ച് വെച്ചും ഷൂവിന്റെ സോളിനകത്ത് ഒളിച്ച് വെച്ചുമാണ് ഇരുവരും സ്വർണ്ണം കൊണ്ട് വന്നത്. കോഴിക്കോട് കുന്നുമക്കര സ്വദേശികളായ രണ്ട് പേർ 71 ലക്ഷം രൂപയുടെ 999 ഗ്രാം സ്വർണ്ണവും 92 ലക്ഷം രൂപയുടെ 1294 ഗ്രാം സ്വർണ്ണവും ഒളിച്ച് കടത്തുന്നതിനിടെ പിടിയിലായി. മസ്‌കറ്റിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ മൂന്ന് യാത്രക്കാരാണ് സിഗരറ്റ് കടത്തുന്നതിനിടെ വിമാനത്താവളത്തിൽ പിടിയിലായത്.

Advertisement
Advertisement