സ്വകാര്യ ഗോഡൗണിൽ യൂറിയ സംഭരണം: ഗോഡൗൺ ഉടമയ്ക്കെതിരെ കേസ്

Monday 20 May 2024 1:58 AM IST

കോലഞ്ചേരി: സ്വകാര്യ ഗോഡൗണിൽ യൂറിയ സംഭരിച്ചത് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ സംഭവത്തിൽ കുന്നത്തുനാട് പൊലീസ് ഗോഡൗൺ ഉടമയ്ക്കെതിരെ അവശ്യസാധന ദുരുപയോഗ നിയമപ്രകാരം കേസെടുത്തു. വലമ്പൂർ ദാമോദരൻപീടികഭാഗത്ത് കോഴിഷെഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 1700ചാക്ക് യൂറിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി കഴിഞ്ഞദിവസം സീൽചെയ്തിരുന്നു. 70 ടണ്ണിലേറെ വളം അനധികൃതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സബ്‌സിഡി നിരക്കിൽ കർഷകർക്കു നൽകുന്ന യൂറിയയാണ് ഇവിടെ സംഭരിച്ചത്. കിലോഗ്രാമിന് 6 രൂപയാണ് യൂറിയയുടെ സബ്‌സിഡി വില. കിലോയ്ക്ക് 45രൂപയാണ് യഥാർത്ഥവില. കർഷകർക്ക് സബ്‌സിഡി നിരക്കിൽ നൽകുന്ന യൂറിയക്ക് കടുത്ത ക്ഷാമമുണ്ട്.

ഇത്രയധികം യൂറിയ ലഭിച്ചത് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.പി. സുധീഷ് പറഞ്ഞു. ദാമോദരൻ എന്നയാൾ മാറമ്പിള്ളി സ്വദേശി അനിക്ക് വാടകയ്ക്ക് നൽകിയ ഷെഡിലാണ് യൂറിയചാക്കുകൾ കണ്ടെത്തിയത്. ഷെഡ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സീൽചെയ്തു.

പ്ലൈവുഡ് ഒട്ടിക്കുന്ന പശ നിർമിക്കുന്നതിനാണ് യൂറിയ ശേഖരിച്ചിരുന്നതെന്നാണ് വിവരം. ക്വാളി​റ്റി കൺട്രോൾ അസി. ഡയറക്ടർ ബിജിമോൾ ആന്റണി. എക്‌സ്​റ്റെൻഷൻ ആൻഡ് ട്രായിനിംഗ് അസി. ഡയറക്ടർ നിജാമോൾ. കൃഷി അസി. ഡയറക്ടർ എൻ.കെ. ഷീബ, മഴുവന്നൂർ കൃഷി ഓഫിസർ ഷിഹാബ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിശദമായ റിപ്പോർട്ട് കളക്ടർക്ക് കൈമാറി. കളക്ടറുടെ നിർദ്ദേശപ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisement
Advertisement