മാന്നാറിലെ സാമ്പത്തിക തട്ടിപ്പ്: മുഖ്യ പ്രതി വിഷ്ണു റിമാൻഡിൽ 

Monday 20 May 2024 1:04 AM IST

മാന്നാർ: പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60പവനോളം സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രധാന പ്രതി വിഷ്ണുരാജിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് മംഗലത്ത് മഠത്തിൽ കിഴക്കേതിൽ വിഷ്ണുരാജ്(32 )നെ വീയപുരം സി.ഐ ധർമ്മജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിച്ച് ക്ഷേത്ര നിർമ്മാണപ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന വിഷ്ണുരാജ്, സാമ്പത്തിക തട്ടിപ്പിനിരയായി മാന്നാർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ശ്രീദേവിയമ്മ ജീവനൊടുക്കിയതിനെ തുടർന്ന് ഒളിവിലായിരുന്നു. വിഷ്ണുരാജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിവന്ന അന്വേഷണത്തിൽ എടത്വായിൽ നിന്നുമാണ് പിടികൂടിയത്. മരണത്തിനു മുമ്പേ ശ്രീദേവിയമ്മ നൽകിയ പരാതിയിലും അർദ്ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതിൽ എ.സി ശിവൻപിള്ള നൽകിയ പരാതിയിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിഷ്ണുരാജിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളുള്ളതായി പൊലീസ് പറഞ്ഞു. തട്ടിപ്പ്സംഘത്തിൽ ഇനിയും അംഗങ്ങൾ ഉണ്ടെന്നും അവർക്കായി ഊർജ്ജിതമായി തിരച്ചിൽ നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. സംഘത്തിൽപ്പെട്ട കുട്ടമ്പേരൂർ പല്ലവനക്കാട്ടിൽ സാറാമ്മ ലാലു(മോളി), മാന്നാർ മുൻ ഗ്രാമപഞ്ചായത്തംഗം നേരൂർ ഉഷാ ഗോപാലകൃഷ്ണൻ എന്നിവരെ ഒളിവിൽ കഴിയവേ തിരുവല്ല കുറ്റൂരിലെ ഒരു വീട്ടിൽ നിന്നും രണ്ടാഴ്ച മുമ്പാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. റിമാന്റിൽ കഴിഞ്ഞിരുന്ന ഇവർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു.

കേന്ദ്രപദ്ധതി പ്രകാരം വനിതകൾക്ക് തൊഴിൽ സംരംഭം തുടങ്ങുന്നതിനായി 10 കോടി രൂപ ലഭിക്കുമെന്നും അതിന്റെ പ്രാരംഭ ചിലവുകൾക്കായി കുറച്ച് പണം നൽകി സഹായിക്കണമെന്നും ആവശ്യപെട്ടാണ് ഇവർ ശ്രീദേവിയമ്മ ഉൾപ്പെടെയുള്ളവരെ സമീപിച്ച് തട്ടിപ്പ് നടത്തിയത്. സാമ്പത്തിക തട്ടിപ്പിനിരയായി സ്വന്തം വസ്തുവും വീടും വിറ്റ് കടംവീട്ടേണ്ടി വന്നതിനെ തുടർന്ന് മനംനൊന്ത് മാന്നാർ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഓംങ്കാർ വീട്ടിൽ വി.കെ ശ്രീദേവിയമ്മ ആത്മഹത്യചെയ്ത സംഭവത്തോടെയാണ് മാന്നാറിലെ വൻ സാമ്പത്തിക തട്ടിപ്പ് പുറംലോകമറിയുന്നത്. വി.കെ ശ്രീദേവിയമ്മയിൽ നിന്നും 65 ലക്ഷം രൂപയും 40 പവൻ സ്വർണാഭരണങ്ങളും, അർധ അർദ്ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതിൽ എ.സി ശിവൻപിള്ളയുടെ 36ലക്ഷം രൂപയും 16പവന്റെ ആഭരണങ്ങളും തട്ടിയെടുത്തതായിട്ടാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി മാന്നാർ, ചെന്നിത്തല, തിരുവല്ല, മാവേലിക്കര, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ നിരവധിപേരാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായത്.

Advertisement
Advertisement