പാഠം പഠിക്കാതെ അധികൃതർ,​ മുങ്ങിത്താഴാൻ നമ്മൾ

Monday 20 May 2024 1:06 AM IST

തിരുവനന്തപുരം: ''മഴ പെയ്താൽ ഉറങ്ങാനാകില്ല. എപ്പോൾ വേണമെങ്കിലും വെള്ളം വീട്ടിലേക്ക് കയറാം. അഞ്ച് വർഷമായി ഈ ദുരിതം അനുഭവിക്കുകയാണ്"". തലസ്ഥാനത്ത് രണ്ടുദിവസങ്ങളിലായി പെയ്ത അതിശക്തമായ മഴയെത്തുടർന്ന് 80കാരിയായ മാതാവിനേയും എടുത്ത് ഭാര്യക്കും മകൾക്കുമൊപ്പം ബന്ധുവീട്ടിലേക്ക് മാറേണ്ടി വന്ന കണ്ണമ്മൂല കമ്പിപാലം സ്വദേശി അലോഷ്യസിന്റെ വാക്കുകളാണിത്.

പട്ടം തോടിന്റെ സമീപത്താണ് ഇവരുടെ വീട്. 2019 മുതലുള്ള എല്ലാ മഴയിലും തോട് കരകവിഞ്ഞ് വീട്ടിൽ വെള്ളം കയറും. ഇക്കുറിയും പതിവ് തെറ്റിയില്ല. വീട്ടിലേക്ക് കയറുമെന്നായപ്പോഴാണ് വീടുവിട്ടിറങ്ങാൻ തീരുമാനിച്ചത്.

പട്ടം തോടിന്റെ ഈ ഭാഗത്ത് സംരക്ഷണ ഭിത്തിയില്ലാത്തതാണ് വെള്ളം ഇരച്ചുകയറാൻ കാരണം. ഏഴ് കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചെങ്കിലും ഇവിടെ പണിതിട്ടില്ല.

മഴ പെയ്താൽ തലസ്ഥാന നഗരം മുങ്ങുമെന്നത് ഇപ്പോൾ സ്ഥിരസംഭവമായി മാറിക്കഴിഞ്ഞു. ശനിയാഴ്ചത്തെ മഴയിൽ നഗരത്തിൽ പല ഭാഗങ്ങളിലും വെള്ളം കയറി. 121.3 മില്ലീ മീറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിലായിരുന്ന രൂക്ഷമായ വെള്ളക്കെട്ട്. റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടം വരെയും മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തിന് മുന്നിലും അരയ്ക്കൊപ്പം വെള്ളം പൊങ്ങി. ഇവിടെ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ഉള്ളിൽ വരെ വെള്ളം കയറി.

ഓട നിറഞ്ഞൊഴുകി ചാക്കയിലുണ്ടായ വെള്ളക്കെട്ടിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കുടുങ്ങി. ഈഞ്ചയ്ക്കൽ, കഴക്കൂട്ടം എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കരിക്കകം, വട്ടിയൂർക്കാവ്, അമ്പലമുക്ക്, മുട്ടട, ഊറ്റുകുഴി, സെക്രട്ടേറിയറ്റിന് മുൻവശം, വഞ്ചിയൂർ തുടങ്ങിയിടങ്ങളിലും വെള്ളം കയറി.

ആക്കുളം മഞ്ചാടി ഭാഗങ്ങളിലും സ്ഥിതി രൂക്ഷമായിരുന്നു. മുക്കോലയ്ക്കൽ,​ ഉള്ളൂർ ശ്രീചിത്ര നഗർ,​ ശംഖുംമുഖം,​ വലിതുറ,​ മുട്ടത്തറ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. കരമനയാർ,​ ആമയിഴഞ്ചാൻ തോട്,​ കിള്ളിയാർ,​ പാർവതി പുത്തനാർ എന്നിവ കരവിഞ്ഞു. അട്ടക്കുളങ്ങര ബൈപ്പാസിലും എസ്.എസ് കോവിൽ റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചുകയറി.

ദുരിതമൊഴിയാതെ ചാല

കനത്ത മഴ ഏറ്റവും കൂടുതൽ ബാധിച്ചത് ചാല കമ്പോളത്തിലാണ്. ഓടകൾ മാലിന്യത്താൽ നിറഞ്ഞതിനാൽ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. നിലവിൽ സ്മാർട്ട് റോഡിന് വേണ്ടി റോഡും ഓടകളും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വെള്ളം ഒഴുകാൻ സ്ഥലമില്ലാത്ത അവസ്ഥ. ഇന്നലെ പകൽ മഴ മാറിനിന്നിട്ടും ചാലയിൽ വെള്ളം ഇറങ്ങിയില്ല. ഇതോടെ വ്യാപാരികൾ ദുരിതത്തിലായി. വ്യാപാരികളും തൊഴിലാളികളും ചേർന്ന് താത്കാലികമായി വെള്ളം ഒഴുകി പോകാൻ സൗകര്യമൊരുക്കിയെങ്കിലും ഇത് അപ്രാപ്യമാണ്.


അനക്കമില്ലാതെ അധികൃതർ

കനത്ത മഴയിൽ നഗരം മുങ്ങുമ്പോൾ കൈക്കൊള്ളുന്ന പൊടിക്കൈ നടപടികളല്ലാതെ കൂടുതലൊന്നും നഗരസഭയുടേയോ സ‌ർക്കാരിന്റേയോ ഭാഗത്ത് നിന്നുണ്ടാകാറില്ല. മഴക്കാല പൂർവ ശുചീകരണമോ വെള്ളത്തിന്റെ ഒഴുക്ക് നിലച്ച കാരണങ്ങളോ കണ്ടെത്തി പരിഹരിക്കാനോ തയ്യാറായിട്ടില്ല.

Advertisement
Advertisement