കോൺഗ്രസ് പുന:സംഘടനയിൽ പിന്നാക്ക സംവരണം അനിവാര്യം

Monday 22 July 2019 12:48 AM IST

തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടനയിൽ എല്ലാ കമ്മിറ്രികളിലും ജനസംഖ്യാനുപാതികമായി പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം ഏർപ്പെടുത്തണമെന്ന് കെ.പി.സി.സി ഒ.ബി.സി (ഡിപ്പാർട്ട്മെന്റ്) എക്സിക്യുട്ടീവ് ക്യാമ്പ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

കേരളത്തിൽ ബി.ജെ.പി ലക്ഷ്യമിടുന്നത് ഈഴവർ ഉൾപ്പെടെ മറ്റു പിന്നാക്ക സമുദായങ്ങളെയാണെന്ന് കോൺഗ്രസ് മനസ്സിലാക്കുന്നില്ല. അർഹമായ പരിഗണന നൽകി ഈ സമുദായങ്ങളെ കൂടെനിറുത്താൻ നടപടികൾ സ്വീകരിക്കണം. സംവരണത്തിലും കെ.എ.എസ് പോലുള്ള വിഷയങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങളെടുക്കാതെ കോൺഗ്രസ് ഇരുട്ടിൽത്തപ്പി. ജനസംഖ്യയിൽ 65 ശതമാനത്തിലധികമുള്ള ഒ.ബി.സി വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാതെ ഒരു പാർട്ടിക്കും മുന്നോട്ടു പോകാനാവില്ല. നേതൃത്വം പരാജയപ്പെടുന്നിടത്ത് ബദൽ സാദ്ധ്യതകൾ ഉയർന്നുവരുമെന്നതിന് മറ്രു സംസ്ഥാനങ്ങൾ ഉദാഹരണമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഒ.ബി.സിയിലെ പ്രബലരായ ഈഴവസമുദായം പണ്ട് കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയിരുന്നു. ആർ.ശങ്കറും സി.കേശവനും തച്ചടി പ്രഭാകരനും വളർത്തിയെടുത്ത കോൺഗ്രസിന് ഇന്ന് ഒരു ഈഴവ നിയമസഭാംഗം പോലുമില്ല. 2001-ൽ കോൺഗ്രസിന് 12 ഈഴവ എം.എൽ.എമാരും കാബിനറ്റിൽ നാലു പേരും സ്പീക്കറും ഉണ്ടായിരുന്നു. 2011- ൽ അത് മൂന്ന് ഈഴവ അംഗങ്ങളും കാബിനറ്റിൽ രണ്ടു പേരുമായി. നേതൃനിരയിലേക്ക് ഉയരാനിടയുള്ള ഈഴവ നേതാക്കളെ പല മണ്ഡലങ്ങളിൽ ചാവേറാക്കി വന്ധ്യംകരിക്കുകയാണ് ചെയ്തത്. നിലവിൽ ഈഴവ വിഭാഗത്തിൽ നിന്ന് ഡി.സി.സി പ്രസിഡന്റുമാരായി ആകെ മൂന്നു പേരേയുള്ളൂ.

കോൺഗ്രസിനൊപ്പം നിന്നിരുന്ന, ഒ.ബി.സിയിലെ ധീവര, വിശ്വകർമ്മ, ലാറ്റിൻ ക്രിസ്ത്യൻ, നാടാർ തുടങ്ങിയ സമുദായങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നു. കേരളത്തിൽ കോൺഗ്രസിന്റെ നട്ടെല്ലായ മുസ്ലീം വിഭാഗത്തിനു പോലും അർഹമായ പ്രാതിനിധ്യം സംഘടനാതലത്തിൽ കിട്ടിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 15 സീറ്റ് ലഭിക്കാൻ വൻപിന്തുണ നൽകിയ മുസ്ലിം വിഭാഗത്തിൽ നിന്ന് ഒരു ലോക്‌സഭാംഗത്തെ വിജയിപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെന്നത് ദുഃഖസത്യമാണ്.

വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥി നിർണയവേളയിൽ കോൺഗ്രസ് ഈ സാഹചര്യം പരിശോധിക്കണം. പിന്നാക്ക വിഭാഗക്കാർ കോൺഗ്രസിൽ നിന്ന് അകന്നതാണ് ദേശീയതലത്തിൽ പാർട്ടിക്ക് തിരിച്ചടിയായതെങ്കിൽ കേരളവും ആ വഴിക്കു നീങ്ങുന്ന അപകടം ഒഴിവാക്കാൻ ജാഗ്രത വേണമെന്നും കെ.പി.സി.സി ഒ.ബി.സി (ഡിപ്പാർട്ട്മെന്റ്) ജനറൽ സെക്രട്ടറി ബാബു നാസർ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.