പ്രിയ നേതാവിന് നാടിന്റെ സ്മരണാഞ്ജലി

Monday 20 May 2024 12:06 AM IST
കല്യാശേരിയിൽ സംഘടിപ്പിച്ച ഇ കെ നായനാർ അനുസമരണം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഇ.കെ നായനാർക്ക് നാടിന്റെ സ്മരണാഞ്ജലി. ജനനായകന്റെ ഇരുപതാം ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ നാടെങ്ങും ആചരിച്ചു. കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ പുഷ്പചക്രം അർപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, ടി.വി രാജേഷ്, ഡോ. വി. ശിവദാസൻ എം.പി, എൻ. ചന്ദ്രൻ, മുതിർന്ന നേതാവ് കെ.പി സഹദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം. പ്രകാശൻ, എം. സുരേന്ദ്രൻ, കാരായി രാജൻ, ടി.കെ ഗോവിന്ദൻ, കെ.വി സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, നായനാരുടെ മക്കളായ വിനോദ്കുമാർ, കൃഷ്ണകുമാർ, ഉഷ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ ബർണശേരിയിലെ നായനാർ അക്കാഡമിയിൽ ചേർന്ന അനുസ്മരണ യോഗം എം.വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. പി.കെ ശ്രീമതി അദ്ധ്യക്ഷയായി. എം.വി ജയരാജൻ സ്വാഗതം പറഞ്ഞു. ഈ യോഗത്തിന് ശേഷം നായനാർ മ്യൂസിയം ജനങ്ങൾക്കായി തുറന്നുകൊടുത്തു. നായനാർ അക്കാഡമിയിൽ എം.വി ഗോവിന്ദനും സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ സി. ശ്രീനിവാസനും കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുംപതാക ഉയർത്തി. ജന്മനാടായ കല്യാശേരിയിൽ വൈകുന്നേരം നടന്ന പൊതുയോഗം എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ടി ചന്ദ്രൻ അദ്ധ്യക്ഷനായി. എം.വി ജയരാജൻ, ടി.വി രാജേഷ് എന്നിവർ സംസാരിച്ചു. ടി.ടി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. മാങ്ങാട്, കീച്ചേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രകടനവുമുണ്ടായി.

നായനാർ മ്യൂസിയം തുറന്നു

ജനനായകൻ ഇ.കെ. നായനാരുടെ ജീവിതത്തിലൂടെയും സമരപോരാട്ടങ്ങളിലൂടെയുമുള്ള യാത്രയായി നായനാർ അക്കാഡമിയിലെ മ്യൂസിയം. മർദ്ദിതരുടെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്ന മുഷ്ടി അഭിവാദനശിൽപ്പമാണ് സന്ദർശകരെ ആദ്യം വരവേൽക്കുന്നത്. നായനാരുമായി നേരിട്ട് സംവദിക്കാവുന്ന നൂതന ഇൻസ്റ്റലേഷനാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഹോളോലെൻസ് പ്രൊജക്ഷനിലൂടെ നായനാരുമായി നേരിട്ട് സംസാരിക്കാം.

ജനനം മുതൽ അന്ത്യയാത്രവരെയുൾപ്പെടുന്ന ജീവിതം വിശാലമായ ക്യാൻവാസിൽ വരച്ചുകാട്ടുന്ന ഇ കെ നായനാരുടെ ജീവിതവും കാലവും: ചുവർചിത്രം മ്യൂസിയത്തിലുണ്ട്. നായനാർ ഉപയോഗിച്ച എഴുത്തുമേശ, പെഡസ്റ്റൽ ഫാൻ, റേഡിയോ, ടെലിവിഷൻ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മുറിയിലെന്നപോലെ സജ്ജീകരിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച 71 പുസ്തകങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ടച്ച് സ്‌ക്രീനും നായനാരുടെ ജീവിതത്തിലെ നിമിഷങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയ ഡോക്യുമെന്ററിയും ടെലിവിഷൻ ചാനലിലൂടെ സംപ്രേഷണം ചെയ്ത മുഖ്യമന്ത്രിയോട് ചോദിക്കാം പരിപാടിയുടെ ഭാഗങ്ങളും പ്രദർശനത്തിലുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വർഗസമരങ്ങളും ചരിത്രസംഭവങ്ങളും ഉൾക്കൊള്ളുന്ന ചരിത്രം സചിത്രം ഹ്രസ്വചലച്ചിത്ര പ്രദർശനവുമുണ്ട്. ഇ.എം.എസ്, എ.കെ.ജി, പി. കൃഷ്ണപിള്ള തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതചിത്രങ്ങളും മ്യൂസിയത്തിലുണ്ട്.

Advertisement
Advertisement