ആനപ്പേടിക്കൊപ്പം കുടിവെള്ളക്ഷാമവും ആറളം ഫാമിൽ നരകയാതന 

Monday 20 May 2024 12:07 AM IST
ആറളം ഫാമില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോള്‍( ഫയല്‍)

ഇരിട്ടി (കണ്ണൂർ): കൊടും വേനലിൽ തൊണ്ട നനയ്ക്കാൻ ഒരുതുള്ളി വെള്ളത്തിനു വേണ്ടി നെട്ടോട്ടമോടി ആറളം പുനരധിവാസ മേഖലയിലെ പാവങ്ങൾ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ മേഖലയായ ആറളം ഫാം വന്യമൃഗശല്യത്തിനു പുറമേ കുടിവെള്ള ക്ഷാമത്താലും നരകയാതന അനുഭവിക്കുകയാണ്. കോടികളുടെ വികസനപദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും മിക്ക പദ്ധതികളും ഫലപ്രാപ്തിയിൽ എത്താതെ പാതിവഴിയിലായതാണ് തിരിച്ചടിയായത്. കാട്ടാന ഭീതിയെ തുടർന്ന് ഇവിടുത്തെ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയേണ്ട സാഹചര്യവുമാണ്.
ജീവൻ പണയപ്പെടുത്തി വനത്തിലൂടെ കിലോമീറ്ററുകൾ നടന്നാണ് ഇവർ ദൈനംദിന ആവശ്യങ്ങൾക്കായുള്ള വെള്ളം തലച്ചുമടായി എത്തിക്കുന്നത്. കുടിവെള്ളത്തിനായി വിവിധ പദ്ധതികൾ ഉണ്ടെങ്കിലും ഒന്നും പോലും പ്രവർത്തിക്കുന്നില്ല. ആറളം പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും എല്ലാവീടുകളിലുമെത്തിക്കുകയെന്നത് പ്രായോഗികമാവുന്നില്ല. വാഹനമെത്തുന്ന വഴിയരികിലെ വീടുകളിൽ മാത്രമാണ് കുടിവെള്ള വിതരണം. ഏഴ്,​ ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് വരെയുള്ള ആറു ബ്ളോക്കുകളിലെ 1700ഓളം വരുന്ന കുടുംബങ്ങൾക്ക് വാഹനത്തിലൂടെയുള്ള കുടിവെള്ള വിതരണം സാദ്ധ്യമാകുന്നില്ല. നീർച്ചാലുകൾ ഉള്ള ഭാഗങ്ങളിൽ ഓലിക്കൽ നിർമ്മിച്ചാണ് ഇവർ കുടിവെള്ളം കണ്ടെത്തുന്നത്.


ഒഴുക്ക് നിലച്ച് ജലനിധി

പുനരധിവാസ മേഖലയിലെ ആറു ബ്ളോക്കുകളിലായി കോടികൾ ചെലവിട്ട് നിർമ്മിച്ച എട്ടു ജലനിധി പദ്ധതികളിപ്പോൾ നോക്കുകുത്തികളാണ്. അടുത്തിടെ വരെ രണ്ടു ജലനിധി പദ്ധതികൾ പ്രവർത്തിച്ചിരുന്നുവെങ്കിലും അതും നിലച്ചിരിക്കുകയാണ്. പദ്ധതിയുടെ നടത്തിപ്പിന് ജനകീയ കമ്മിറ്റികളുണ്ടെങ്കിലും കമ്മിറ്റികൾ നിഷ്ക്രിയമാണ്. വെള്ളത്തിന്റെ ലഭ്യത കണക്കാക്കാതെ കിണറുകൾ നിർമ്മിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു. കിണറുകളിൽ പലതിലും വെള്ളമില്ലാതെ വന്നതും ഭീമമായ വൈദ്യുതി ബിൽ കുടിശികയായതും പരിപാലനത്തിന് ഫണ്ടില്ലാത്തതുമെല്ലാം പദ്ധതികളെ പ്രതികൂലമായി ബാധിച്ചു.
കേരളത്തിന്റെ ഗ്രാമീണ മേഖലയിൽ കുടിവെള്ള വിതരണവും ശുചിത്വസൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനായി 20 വർഷം മുമ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് ജലനിധി.


സംരക്ഷണമില്ലാതെ

ജലസ്രോതസ്സുകൾ

പ്രകൃതി ദത്തമായി തന്നെ നിരവധി ജലസ്രോതസുകളുള്ള പ്രദേശമാണ് ആറളം ഫാം. എന്നാൽ ഇവ സംരക്ഷിക്കപ്പെടാൻ സംവിധാനമൊരുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലത്ത് ശക്തമായ മഴലഭിക്കുന്ന പ്രദേശങ്ങളിൽ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി മഴവെള്ള സംഭരണം നടത്തിയാൽ ഭൂഗർഭ ജലനിരപ്പ് ഉയർത്താനാകും. ഇതോടെ കിണറുകൾ വറ്റുന്ന അവസ്ഥ പരിഹരിക്കപ്പെടും. കൂടാതെ ചെറുതും വലുതുമായ തടാക നിർമ്മാണം നടത്തിയാൽ ആറളം ഫാമിൽ ജലസംരക്ഷണത്തോടൊപ്പം ടൂറിസം സാധ്യതയും തെളിയുമെന്ന വിശ്വാസവും ഇവർക്കുണ്ട്.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഫാമിനുള്ളിൽ കൊല്ലപ്പെട്ടത് 14 പേർ

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടികൾ മുടക്കുന്നുണ്ടെങ്കിലും അതൊക്കെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കീശകളിലേക്ക് പോവുകയാണ്.

പ്രദേശവാസികൾ

Advertisement
Advertisement