യുവതിയെ കുത്തിക്കൊന്ന ഭർത്താവ് അറസ്​റ്റിൽ

Monday 20 May 2024 1:59 AM IST

ചേർത്തല: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിൻതുടർന്നെത്തി നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്​റ്റിൽ. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 16ാം വാർഡിൽ വല്ല്യാറവെളി രാജേഷിനെയാണ് (46) ചേർത്തല പിടികൂടിയത്. ഭാര്യ അമ്പിളിയെ (36) കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇയാളെ മണിക്കുറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. ചേർത്തല അരൂക്കു​റ്റി റോഡിൽ പള്ളിപ്പുറം പള്ളിച്ചന്തയ്ക്ക് സമീപം ശനിയാഴ്ച വൈകിട്ട് 6.30 യോടെയായിരുന്നു സംഭവം. പ്രദേശത്തെ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളി കളക്ഷൻ കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുമ്പോൾ പിന്നിലൂടെ ബൈക്കിൽ എത്തിയ രാജേഷ് ഇടിച്ചു വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. തുടർന്ന് അമ്പിളിയുടെ കാഷ് ബാഗും കളക്ഷൻ മെഷീനുമായി കടന്ന രാജേഷിനെ രാത്രി 11 ഓടേ ദേശീയ പാതയിൽ കഞ്ഞികുഴിയിൽ നിന്നാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല എസ്.ഐ. കെ.പി.അനിൽകുമാറിന്റെനേതൃത്വത്തിലായിരുന്നു അറസ്​റ്റ്. ഇയാളുടെ പക്കൽ നിന്ന് 11000 രൂപ കണ്ടെടുത്തു. പണം അമ്പിളിയുടെ ബാഗിൽ നിന്ന് നഷ്ടപ്പെട്ടതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കാഷ് ബാഗ് രാജേഷിന്റെവീടിന് പിന്നിൽ നിന്ന് കാലിയായ നിലയിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കൊലക്ക് ഉപയോഗിച്ച കത്തി പ്രതിയുമായി നടത്തിയതെളിവെടുപ്പിൽ കൃത്യം നടന്നതിന് സമീപത്തെ പുല്ലിനിടയിൽ നിന്ന് കണ്ടെത്തി. തന്റെ അമ്മയുമായി അമ്പിളി നിരന്തരം വഴക്കുണ്ടാകുന്നതിലുള്ള പകയാണ് കൊലപാതാകത്തിന് കാരണമെന്നാണ് പ്രതി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.

ജലഗതാഗത വകുപ്പിലെ ജീവനക്കാരനായ രാജേഷ് കോട്ടയം കോടിമതയിലാണ് ജോലി ചെയ്യുന്നത്. പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡിൽ ചെത്തിക്കാട്ട് സി.പി.ബാബുവിന്റേയും അമ്മിണിയുടേയും മകളാണ് അമ്പിളി. പ്രദേശ വാസികളായ ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് നാളുകളായി ഇവർ അകന്നു കഴിയുകയായിരുന്നു.സ്വന്തം വീട്ടിൽ നിന്നാണ് അമ്പിളി നാളുകളായി ജോലിക്ക് പോയിരുന്നത്. ഫോറൻസിക് വിദഗ്ദ്ധരടക്കം സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്‌മോർട്ടത്തിന് ശേഷം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ അമ്പിളിയുടെ മൃതദേഹം പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡിലെ ചെത്തിക്കാട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

അച്ഛൻ വരുമെന്ന പ്രതീക്ഷയിൽ...

അമ്പിളി അപകടത്തിൽ മരിച്ചെന്നാണ് അവരുടെ മക്കളായ രാജലക്ഷ്മിയും രാഹുലും മനസിലാക്കിയിരുന്നത്. സംസ്കാര ചടങ്ങിൽ അച്ഛൻ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും. ഇതിനിടെ അച്ഛനാണ് അമ്മയെ കുത്തി കാെലപ്പെടുത്തിയതാണെന്നറിഞ്ഞ കുട്ടികൾ ആകെ തളർന്നു. ഇരുവരും ആകെ പരിഭ്രാന്തരായി. അച്ഛനും അമ്മയും ഒന്നിച്ച് വീട്ടിലെത്തണമെന്ന് ആഗ്രഹിച്ചിരുന്ന കുട്ടികൾക്ക് ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

Advertisement
Advertisement