ചിങ്ങോലി ജയറാം വധം: പ്രതികൾ കുറ്റക്കാർ,​ ശിക്ഷ നാളെ

Monday 20 May 2024 12:01 AM IST

ആലപ്പുഴ: കോൺക്രീറ്റ് പണിക്ക് വിളിക്കാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ചിങ്ങോലി നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമിനെ (31) കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി-3 ജഡ്ജി എസ്.എസ്.സീന നാളെ ശിക്ഷ വിധിക്കും.

കേസിലെ പ്രതികളായ ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ്–36), കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവരെ 302–ാം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചെയ്തതായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

2020 ജൂലായ് 19ന് രാത്രി 7.30ന് ചിങ്ങോലി പഴയ വില്ലേജ് ഓഫിസിന് സമീപത്തെ ബേക്കറിക്ക് മുന്നിലായിരുന്നു കൊലപാതകം നടന്നത്. ബൈക്കിലെത്തിയ പ്രതികൾ ബേക്കറിക്ക് മുന്നിൽ നിന്ന ജയറാമിനോട് സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ഹരികൃഷ്ണൻ കുത്തിയെന്നും കലേഷ് സഹായം നൽകിയെന്നുമാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. പ്രോസിക്യൂഷന് വേണ്ടി ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി. പ്രതികളെ ഒരു മാസത്തിനുള്ളിൽ പന്തളത്തെ ബന്ധുവീട്ടിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.എൽ.അനിൽകുമാർ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement