മഴക്കാലമായിട്ടും യോഗം പോലും വിളിക്കാതെ ദുരന്തനിവാരണവിഭാഗം

Monday 20 May 2024 1:01 AM IST

ആലപ്പുഴ: ചക്രവാതച്ചുഴികാരണമുള്ള അതിതീവ്രമഴയും കാലവർഷവും ആലപ്പുഴയ്ക്ക് ആശങ്കയായിരിക്കെ പ്രതിരോധമായ ദുരന്തനിവാരണം എങ്ങുമെത്തിയില്ല. പത്തുദിവസത്തിനകം കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാൽ,​ മഴക്കാലപൂർവ പ്രവർത്തികളുടെ ഭാഗമായ മെഗാക്ളീനിംഗ് മാത്രമാണ് ജില്ലയിൽ ഇതുവരെ നടന്നത്. കൊടിയകാലവർഷക്കെടുതികൾക്ക് ഇരയാകുന്ന കുട്ടനാട് ഉൾപ്പടെ വെള്ളപ്പൊക്ക ദുരന്തബാധിത പ്രദേശങ്ങൾ ധാരാളമുള്ള ജില്ലയായിട്ടും

ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള വകുപ്പ് മേധാവികളുടെ യോഗ തീയതി പോലും തീരുമാനമാകാത്തത് ആശങ്കയായി തുടരുന്നു.

പെയ്ത്തുവെള്ളത്തേക്കാൾ അധികം ഒഴുക്കുവെള്ളത്തിന്റെ ദുരിതം പേറുന്ന ജില്ലയാണ് ആലപ്പുഴ. കിഴക്കൻ വെള്ളത്തിന്റെ വരവിൽ മുങ്ങുന്ന കുട്ടനാട് ഉൾപ്പെടെ പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് സ്ഥലം കണ്ടെത്തലും തോട്ടപ്പള്ളി,​ അന്ധകാരനഴി പൊഴികൾ മുറിക്കുന്നത് ഉൾപ്പടെയുള്ള നിർണ്ണായക ജോലികളാണ് ഒരാഴ്ചയ്ക്കകം ഉദ്യോഗസ്ഥ തലത്തിൽ പൂർത്തിയാക്കാനുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥതലത്തിലുണ്ടായ മാറ്റവും തിരഞ്ഞെടുപ്പ്,​ വോട്ടെണ്ണൽ ചുമതലകളുടെ തിരക്കുമാണ് ദുരന്തനിവാരണ നടപടികൾ വൈകാൻ കാരണം.

നിർണ്ണായക ജോലികൾക്കുള്ളത് ഒരാഴ്ച

1. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്ന് ചെങ്ങന്നൂർ,​ ചേർത്തല താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്കാണ് ആളുകളെ ഒഴിപ്പിക്കേണ്ടത്. ഇവിടങ്ങളിൽ സ്കൂളുകൾ ഉൾപ്പെടെ സുരക്ഷിത സ്ഥലങ്ങൾ കണ്ടെത്താൻ ജില്ലാകളക്ടർ നിർ‌ദേശിച്ചെങ്കിലും ഇത്തരം സ്ഥലങ്ങളിൽ വെള്ളവും വൈദ്യുതിയും ഭക്ഷണവും ഉൾപ്പടെ ഉറപ്പാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

2. അരൂർ‌ മുതൽ കായംകുളം വരെ ദേശീയ പാത നവീകരണം പല സ്ഥലങ്ങളിലും പല ഘട്ടങ്ങളിലാണ്. നിലവിലെ പാതയുടെ ഇരുവശവും ഓടകൾക്കും കേബിൾ ട്രഞ്ചിനും അടിപ്പാതകൾക്കും മറ്റുമായി തുരന്ന നിലയിലാണ്. ദേശീയ പാത,​ പൊതുമരാമത്ത്,​ ഫയർഫോഴ്സ് ,​ പൊലീസ് എന്നിവരുടെ യോഗം വിളിച്ചുകൂട്ടി മുൻ കരുതൽ സ്വീകരിക്കേണ്ടതുണ്ട്

3. കടലാക്രമണ കെടുതികൾ രൂക്ഷമായ ജില്ലയിൽ തീരദേശറോഡിൽ കടൽമണ്ണ് അടി‍ഞ്ഞുകൂടി ഗതാഗത തടസപ്പെടുന്നത് പതിവാണ്. വീടുകളും കടലാക്രമണ ഭീതിയിലാണ്. ഇവിടങ്ങളിലൊക്കെ ആവശ്യമായ കരുതൽ നടപടികൾ ദുരന്ത നിവാരണ അതോറിട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്

4. അഗ്നിശമനസേനയ്ക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള കൂറ്റൻ മോട്ടോറുകളോ സൗകര്യങ്ങളോ ഇല്ല. ആലപ്പുഴയിലെ അഞ്ച് മോട്ടോറുകളിൽ കളക്ട്രേറ്റിൽ നിന്ന് നൽകിയിരുന്ന ഒരു മോട്ടോർ അടുത്തിടെ തിരികെ വാങ്ങി. അരൂരിൽ ആകെയുള്ള ഒരു മോട്ടോർ അറ്റകുറ്റപ്പണിയിലാണ്. തകഴി ഫയർ സ്റ്റേഷനിലാകട്ടെ മോട്ടോ‌ർ പേരിന് പോലുമില്ല

.........................

ദുരന്ത നിവാരണ അതോറിട്ടി യോഗം ഈയാഴ്ച ചേരും. മെഗാ ക്ളീനിംഗ് ആരംഭിച്ചു. പൊഴികൾ മുറിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റിലീഫ് ക്യാമ്പുകൾക്കായി സ്കൂളുകളും കെട്ടിടങ്ങളും കണ്ടെത്താൻ തഹസീൽദാ‌ർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് ക്രമീകരണങ്ങൾ പൂർത്തിയാക്കും.

-ജില്ലാ ദുരന്ത നിവാരണ അതോറിട്ടി,​ ആലപ്പുഴ

Advertisement
Advertisement