32.21 ലക്ഷത്തിന്റെ നഷ്ടം വരുത്തിയ ആർ.ടി.ഒക്കെതിരെ കേസെടുത്ത് പൊലീസ്

Monday 20 May 2024 1:03 AM IST

ചേർത്തല: മോട്ടോർ വാഹന വകുപ്പിൽ നിന്ന് സർക്കാരിന് നികുതിയായും ഫീസായും ലഭിക്കേണ്ട 32,21,165രൂപ നഷ്ടമുണ്ടാക്കിയ ചേർത്തല ജോയിന്റ് ആർ.ടി.ഒ ആയിരുന്ന ജെബി ചെറിയാനെതിരെ ചേർത്തല പൊലീസ് കേസെടുത്തു. ആലപ്പുഴ ആർ.ടി.ഒ എ.കെ.ദിലു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാവകുപ്പുകളടക്കം ചേർത്ത് കേസെടുത്തത്. ഉദ്യോഗസ്ഥ സംഘടനയുടെ പ്രധാന ഭാരവാഹിയായ ജെബി ഐ.ചെറിയാൻ നിലവിൽ തൃശൂർ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയാണ്. മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥ തലത്തിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ തുടർച്ചയാണ് റിപ്പോർട്ടും നടപടിയുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

2021ഫെബ്രുവരി 15 മുതൽ 2023 നവംബർ 25വരെ മോട്ടോർ വാഹന വകുപ്പ് നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും ജെബി ലംഘിച്ചതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വാഹനങ്ങളുടെ നികുതി ഇളവ്, നികുതി ഒഴിവാക്കൽ, പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കൽ,കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുകൾ വീണ്ടും ടെസ്​റ്റു നടത്താതെ പുതുക്കി നൽകൽ, റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാതിരിക്കൽ തുടങ്ങിയ കു​റ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഈ സാഹചര്യത്തിൽ ആർ.ടി.ഒ ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.

മാർച്ച് രണ്ടിന് ചേർത്തല ഓഫീസിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി കാട്ടി ഡെപ്യൂട്ടി കമ്മീഷണർ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ,​ ഉദ്യോഗസ്ഥതല തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ ഇതിൽ തുടർ നടപടികളുണ്ടായില്ലെന്നാണ് വിവരം. തുടർന്നാണ് ചേർത്തല ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ ഒരു എം.വി.ഐ യെ ചുമതലപ്പെടുത്തി വിവരശേഖരണം നടത്തിയത്. എം.വി.ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഗുരുതരമായ ചട്ടലംഘനവും ക്രമക്കേടുകളുമാണ് ചേർത്തലയിൽ നടന്നതെന്നും ഇതിൽ ശക്തമായ അന്വേഷണവും നടപടിയുമുണ്ടാകണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയർത്തുന്നത്. എന്നാൽ,​ പൊലീസ് നടപടികൾക്കെതിരെ വകുപ്പിലെ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗവും ജനപ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്.

Advertisement
Advertisement