ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് ,ജാഗ്രത പാലിക്കാൻ നിർദേശം

Monday 20 May 2024 1:05 AM IST

ആലപ്പുഴ: അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജനങ്ങൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിച്ച് ജില്ലാദുരന്ത നിവാരണ അതോറിട്ടി സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ചു. വെള്ളക്കെട്ട് രൂപപ്പെടാറുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി സുരക്ഷിത ക്യാമ്പുകളിലേക്ക് മാറണം.ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശക്തമായ കടലാക്രമണം സാദ്ധ്യതകണക്കിലെടുത്ത് ജാഗ്രത പാലിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കിസൂക്ഷിക്കണം.നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.വൈദ്യുതി ലൈനുകൾ പൊട്ടി വീണുള്ള അപകടങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുമ്പ് അപകട സാദ്ധ്യത ഇല്ലെന്ന് ഉറപ്പാക്കണമെന്നും നി‌ർദ്ദേശത്തിൽ പറയുന്നു.

മറ്റ് നിർദേശങ്ങൾ

* അത്യാവശ്യമില്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണം. മഴ മുന്നറിയിപ്പ് മാറും വരെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലെ വിനോദ യാത്രകൾ അരുത്.

* അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾക്കെതിരെ ജാഗ്രതപാലിക്കണം

* ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കാഴ്ച കാണാനോ,​ സെൽഫി എടുക്കാനോ,​കൂട്ടം കൂടാനോ പാടില്ല

* വൈദ്യുതി ലൈനുകൾ പൊട്ടി വീണുള്ള അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം

അപകട സാദ്ധ്യത

ശ്രദ്ധയിൽപ്പെട്ടാൽ

കെ.എസ്.ഇ.ബി : 1056.

ജില്ലാകൺട്രോൾറൂം: 1077,1070.

Advertisement
Advertisement