കൊട്ടിയൂരിൽ നാളെ നെയ്യാട്ടം

Monday 20 May 2024 12:09 AM IST

കൊട്ടിയൂർ: ഇടവത്തിലെ ചോതി നാളിൽ മണിത്തറയിൽ ചോതി വിളക്ക് തെളിക്കുന്നതിനു പിന്നാലെ സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് നെയ്യഭിഷേകം നടത്തുന്നതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും.
നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി വിവിധ മഠങ്ങളിൽ നിന്നുള്ള വ്രതക്കാർ കൊട്ടിയൂരിലേക്ക് പ്രയാണം തുടങ്ങി. നീണ്ട വ്രതാനുഷ്ഠാനങ്ങൾക്കു ശേഷമാണ് നെയ്യമൃത് സംഘങ്ങൾ കൊട്ടിയൂരിലേക്ക് യാത്ര തിരിക്കുന്നത്. വിവിധ മഠങ്ങളിൽ നിന്നെത്തുന്നവരുടെ നെയ്ക്കിണ്ടികൾ മണത്തണയിലെ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിച്ചതിനു ശേഷം നാളെ രാവിലെ കൊട്ടിയൂരിലേക്ക് പുറപ്പെടുന്ന വ്രതക്കാർ ഉച്ചയോടെ ഇക്കരെ കൊട്ടിയൂരിലെത്തി നെയ്യാട്ടത്തിനുള്ള മുഹൂർത്തം കാത്തിരിക്കും. വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്നുള്ള വാൾ എഴുന്നള്ളത്ത് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. ചാതിയൂർ മഠത്തിൽ നിന്നും തീയും കൊണ്ടുവരും. വാൾ വന്നാൽ അടിയന്തിര യോഗസമേതം പടിഞ്ഞീറ്റ നമ്പൂതിരി അക്കരെ സന്നിധിയിലെത്തി മണിത്തറയിൽ മൺ താലങ്ങളിൽ ചോതി വിളക്ക് തെളിയിക്കും. അഭിഷേകം നടത്താൻ ചുമതലയുള്ള എല്ലാവരും അക്കരെ എത്തും. തുടർന്ന് രാശി വിളിച്ചറിയിക്കുന്നതോടെയാണ് ആചാരപ്രകാരം നെയ്യാട്ടം തുടങ്ങുന്നത്.

Advertisement
Advertisement