ഇറാൻ പ്രസിഡന്റിന്റെ കോപ്‌റ്റർ തകർന്നു, വീണത് വനമേഖലയിൽ, സ്ഥിതി ആശങ്കാജനകം , ജനങ്ങൾ പ്രാർത്ഥനയിൽ

Monday 20 May 2024 12:00 AM IST

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി (63) സഞ്ചരിച്ച ഹെലികോപ്‌റ്റർ മോശം കാലാവസ്ഥയിൽ വനപ്രദേശത്ത് തകർന്നുവീണു. വിദേശകാര്യ മന്ത്രി ഹുസൈൻ അമീറാബ്ദുള്ളാഹിയാനും ഉദ്യോഗസ്ഥരും അംഗരക്ഷകരും ഈസ്റ്റ് അസർബൈജാൻ ഗവർണറും ഒപ്പമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഇവർ സുരക്ഷിതരാണോ എന്ന് അറിവായിട്ടില്ല. ഇറാൻ വാർത്ത ഏജൻസിയോ (ഇർന) ദേശീയ ടെലിവിഷനോ ഇവരുടെ സ്ഥിതിയെപ്പറ്റി മിണ്ടിയിട്ടില്ല. അതേസമയം, രാജ്യത്തെ തീവ്രഗ്രൂപ്പുകൾ പ്രസിഡന്റിനായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനംചെയ്തു.

അപകടസ്ഥലത്തു നിന്നുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് പേര് വെളിപ്പെടുത്താത്ത ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു. ആശങ്കയിൽ ഇറാനിലെമ്പാടും പ്രാർത്ഥനകൾ തുടങ്ങി. ഇറാൻ ടെലിവിഷൻ മറ്റെല്ലാ പരിപാടികളും നിർത്തി വച്ച് പ്രാർത്ഥനയുടെ ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. അപകട സ്ഥലത്തേക്ക് രക്ഷാ വാഹനങ്ങൾ കനത്ത മൂടൽ മഞ്ഞിൽ പോകുന്നതിന്റെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. കനത്ത മഴയും കാറ്റും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസമാണ്. രക്ഷാസംഘങ്ങൾ കോപ്റ്ററിന്റെ അടുത്ത് എത്തിയോ എന്ന് പോലും വ്യക്തമല്ല.

ഇന്നലെ വടക്കൻ ഇറാനിലെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിലെ ഓസി ഗ്രാമത്തിൽ അരാസ്ബറൻ വനത്തിലായിരുന്നു അപകടം. പർവത മേഖലയിലൂടെ പറക്കുമ്പോൾ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഹെലികോപ്‌റ്റർ അടിയന്തരമായി നിലത്ത് ഇടിച്ചിറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. സംഘത്തിലെ മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ സുരക്ഷിതമായി നിലത്തിറക്കിയെന്ന് ഇറാൻ ആഭ്യന്തരമന്ത്രി അഹമ്മദ് വഹീദി ദേശീയ ടെലിവിഷനോട് പറഞ്ഞു.. ഇറാൻ - അസർബൈജാൻ അതിർത്തിയിൽ ഖോദ അഫ്രിൻ മേഖലയിൽ സംയുക്തമായി നിർമ്മിച്ച ഡാം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു റൈസി. അസർബൈജാൻ പ്രസിഡന്റ് ഇൽഹം ആലിയേവും പങ്കെടുത്തിരുന്നു.

ഇറാന്റെ കോപ്റ്ററുകളും സൈനിക വിമാനങ്ങളും കൂടുതലും പഴഞ്ചനാണ്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുള്ള ഇവയുടെ സ്പെയർ പാർട്ടുകൾ ഇപ്പോൾ ലഭ്യമല്ല. പാശ്ചാത്യ ഉപരോധം കാരണം ആധുനികവൽക്കരണവും ഇഴയുകയാണ്. പ്രസിഡന്റിന്റെ കോപ്റ്ററിനും കാലപ്പഴക്കമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ഇബ്രാഹിം റൈസി

2021ൽ പ്രസിഡന്റായി

മുൻ ഇറാൻ ചീഫ് ജസ്റ്റിസാണ്

ഭരണത്തിൽ ശക്തമായ സ്വാധീനം

സദാചാര നിയമങ്ങൾ കടുപ്പിച്ചു

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്തി

1988ൽ ആയിരക്കണക്കിന് രാഷ്‌ട്രീയ തടവുകാരെ കൂട്ടക്കൊല ചെയ്തതിൽ പങ്കാളി

ആണവായുധ ഗ്രേഡിലുള്ള യുറേനിയം സമ്പുഷ്‌ടീകരണം തുടങ്ങി

പരമാധികാരിയായ മതനേതാവ് അയത്തൊള്ള അലി ഖമനേയിയുമായി അടുപ്പം

റൈസിയുടെ പ്രധാന നയങ്ങളെല്ലാം ഖമനേയി അംഗീകരിച്ചു

ഖമനേയിയുടെ പിൻഗാമി ആകാൻ വരെ സാദ്ധ്യത

ഗാസ യുദ്ധത്തിൽ ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾ

ഹൂതി, ഹിസ്ബുള്ള വിമതർക്ക് കൈഅയച്ച് സഹായം

Advertisement
Advertisement