സരണിൽ ലാലു പാരമ്പര്യത്തെ നേരിടാൻ രാജീവ് പ്രതാപ് റൂഡി

Monday 20 May 2024 12:31 AM IST

ബീഹാറിലെ ചപ്ര ലോക്‌സഭാ മണ്ഡലമാണ് പുനർനിർണയത്തെ തുടർന്ന് 2009 മുതൽ സരൺ ലോക്‌സഭാ മണ്ഡലമായത്. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ രണ്ടു നേതാക്കളുടെ പേരുകളാണ് മുന്നിൽ വരിക. ബീഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെയും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സിറ്റിംഗ് എം.പിയുമായ രാജീവ് പ്രതാപ് റൂഡിയുടെയും. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട് 2013ൽ അയോഗ്യനാക്കപ്പെടുന്നതുവരെ ലാലു പ്രസാദ് നാല് തവണ ചപ്ര,സരൺ മണ്ഡലങ്ങളിൽ നിന്ന് എം.പിയായി (1977ൽ ജനതാപാർട്ടി,1990,1991ജനതാദൾ). മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ അടുത്ത അനുയായിരുന്ന രാജീവ് പ്രതാപ് റൂഡിയും ജനതാദൾ നേതാവായിരുന്നു. 1996ൽ ചപ്രയിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് കന്നി ജയം. 1999ൽ സീറ്റ് നിലനിറുത്തിയെങ്കിലും 2004ൽ ലാലുവിനോട് തോറ്റു. തിരഞ്ഞെടുപ്പ് അയോഗ്യത മൂലം മാറി നിന്ന ശേഷം ലാലുവിന്റെ കുടുംബാംഗങ്ങളുമായാണ് പ്രതാപ് റൂഡി ഏറ്റുമുട്ടിയത്. 2014ൽ ലാലുവിന്റെ ഭാര്യയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ 40,000 വോട്ടുകൾക്കും 2019ൽ മകൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവ് ചന്ദ്രിക റായിയെ 1.38 ലക്ഷം വോട്ടുകൾക്കും തോൽപ്പിച്ച് റൂഡി ആധിപത്യം തുടർന്നു.

ഇത്തവണ, ലാലുവിന്റെ മകൾ രോഹിണി ആചാര്യയാണ് എതിരാളി. സിംഗപ്പൂരിൽ ഡോക്‌ടറായ രോഹിണിയുടെ കന്നി മത്സരം. 2022ൽ രോഹിണി വൃക്കകളിലൊന്ന് ലാലുവിന് ദാനം ചെയ്‌ത് വാർത്തകളിൽ ഇടം നേടിയിരുന്നു. മകളെ എം.പിയാക്കാൻ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ലാലു നേരിട്ട് പ്രചാരണം നടത്തുന്നു.

അടൽ ബിഹാരി,നരേന്ദ്രമോദി സർക്കാരുകളിൽ മന്ത്രിയായിരുന്ന പ്രതാപ് റൂഡിയുടെ ഇമേജും സ്വാധീനവും രോഹിണിയ്ക്ക് മറികടക്കുക എളുപ്പമല്ലെങ്കിലും അവർ ആത്മവിശ്വാസത്തിലാണ്. തുടക്കക്കാരിയല്ലെന്നും ബീഹാർ രാഷ്‌ട്രീയത്തെക്കുറിച്ച് നന്നായി അറിയാമെന്നും രോഹിണി പറയുന്നു. രാഷ്ട്രീയ ഗുരുവായ പിതാവിൽ നിന്ന് പഠിച്ച പാഠങ്ങൾ പ്രയോഗിക്കുകയാണെന്നും അവർ വ്യക്തമാക്കി. ആർ.ജെ.ഡിയുടെ പരമ്പരാഗത മുസ്ലിം-യാദവ വോട്ട് ബാങ്കാണ് രോഹിണിയുടെ പ്രതീക്ഷ.

തന്റെ എതിരാളി രോഹിണിയല്ലെന്നും തിരശ്ശീലയ്‌ക്ക് പിന്നിലുള്ള ലാലുവാണെന്നും റൂഡി പറയുന്നു. മോദിയുടെ പ്രതിച്ഛായയും എൻ.ഡി.എയിലെത്തിയ ജെ.ഡി.യു പിന്തുണയും സീറ്റ് നിലനിറുത്താൻ പര്യാപ്‌തമാണെന്ന് റൂഡി കരുതുന്നു.

Advertisement
Advertisement