ഗിഗ്: നേട്ടവും നോട്ടവും

Monday 20 May 2024 12:46 AM IST

ഹാൻഡിലിൽ, ഗൂഗിൾ മാപ്പ് ഓൺചെയ്ത മോബൈൽ ഫോൺ ഘടിപ്പിച്ച ബൈക്കുകളിൽ പായുന്ന ചെറുപ്പക്കാ‍ർ ഇന്ന് തെരുവുകളിലെ പതിവു കാഴ്ചയാണ്- ഡെലിവറി ബോയ്സ്. സ്വാതന്ത്ര്യം ഏറെയുള്ള ഒരു തൊഴിൽ സംസ്‌കാരത്തിന്റെ ഭാഗമാണ് ഇവർ. താത്കാലിക ജോലിക്കാർ വാഴുന്ന 'ഗിഗ് ഇക്കോണമി" എന്ന സേവന സമ്പദ് വ്യവസ്ഥയിലെ കണ്ണികൾ.


പുതിയ തലമുറയ്ക്ക് ഇതൊരു താത്കാലിക ജോലി മാത്രമാണ്. മികച്ച തൊഴിൽ തേടിയുള്ള യാത്രയിൽ സ്വാതന്ത്ര്യത്തോടെ ജോലിചെയ്‌ത് ചെലവുകാശ് കണ്ടെത്താനുള്ള ഒരു ഇടത്താവളം.

സുരക്ഷിതഭാവിക്ക് ഗിഗ് തൊഴിലുകൾ ഉതകില്ല. ഒരു പിസാ ഡെലിവറി ബോയിക്ക് നഗരത്തിലെ ഓരോ മുക്കും മൂലയും കാണാപ്പാഠമാകും. അഞ്ചോ പത്തോ വർഷത്തിനപ്പുറം ഭാവി സുരക്ഷിതമാക്കാൻ അത് ഉതകില്ല. ഗിഗ് ജോലിയിലെ അനുഭവസമ്പത്തു പോരാ, മികച്ച ജോലിയുള്ള മറ്റ് മേഖലകളിലേക്ക് മാറാൻ.

ഓട്ടോമേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക വിപ്ലവത്തിന്റെ കാലമാണിത്. ഡെലിവറി, ടാക്സി ജോലികൾ ഇപ്പോൾ സുരക്ഷിതമെന്നു തോന്നും. ഈ മേഖലകളിൽ ഓട്ടോമേഷൻ നടപ്പായാൽ പ്രതിസന്ധിയാവും. ഡെലിവറിക്ക് ഡ്രോണുകൾ വന്നുകൊണ്ടിരിക്കുകയാണ്. അതിവേഗം വികസിക്കുന്ന തൊഴിൽ കമ്പോളത്തിന് ആവശ്യമായ നൈപുണ്യം ഗിഗ് തൊഴിലുകളിൽ നിന്ന് ലഭിക്കില്ല. ദീർഘകാല കരിയർ വിജയത്തിന് അവശ്യം വേണ്ട നൈപുണ്യം ആർജ്ജിക്കാൻ ട്രെയിനിംഗ് പ്രോഗ്രാമുകളിലും മറ്റ് കോഴ്സുകളിലും ചേരണം. ഭാവിയിൽ ഗുണകരമാവുന്നതും അവരവരുടെ അഭിരുചികൾക്ക് ഇണങ്ങുന്നതുമായ മേഖലകളിൽ ഇന്റേൺഷിപ്പും ചെയ്യാം. നൈപുണ്യം വികസിപ്പിച്ച് തൊഴിൽ മാർക്കറ്റിൽ നിങ്ങളുടെ മൂല്യം ഉയർത്താം.

ഓൺലൈൻ

മുതലാളിമാർ

ആമസോൺ, ഫ്ലിപ്പ്കാർട്ട്, സൊമാറ്റോ, സ്വിഗ്ഗി, ഓല, യുബർ,​ ഫ്രീലാൻസർ തുടങ്ങിയ

നിരവധി സ്ഥാപനങ്ങളാണ് ഗിഗ് ഇക്കോണമി എന്ന തൊഴിൽ വ്യവസ്ഥ ശക്തമാക്കിയത്. ഇവരെ ഓൺലൈൻ 'മുതലാളിമാർ' എന്നു പറയാം. ഓർഡർ നൽകുന്ന സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഭൗതികമായി എത്തിക്കുന്ന ഇവരുടെ തൊഴിലാളികളാണ് ഡെലിവറി ബോയ്സും കാബ് ഡ്രൈവർമാരും. പക്ഷേ, ഇവിടെ പരമ്പരാഗത മുതലാളി- തൊഴിലാളി സംസ്കാരം ഇല്ല.

അതായത്,​ തൊഴിലാളിയിൽ മുതലാളിക്ക് ഒരു നിയന്ത്രണവും ഇല്ല. ഇരുകൂട്ടരും തമ്മിൽ കാണുക പോലുമില്ല. പ്രൊജക്‌ടുകൾക്കായുള്ള തൊഴിലാളികൾ, സ്വതന്ത്ര കരാറുകാർ, ഫ്രീലാൻസർമാർ, താത്കാലിക- പാർട്ട്‌ ടൈം ജോലിക്കാർ എന്നിവരാണ് ഗിഗ് ജീവനക്കാർ. ക്യാബ് ഡ്രൈവിംഗ്, ഭക്ഷണ വിതരണം, ഫ്രീലാൻസ് എഴുത്ത്, പാർട്ട് ടൈം പ്രൊഫസർ, ഇവന്റ് മാനേജർ, കല, ഡിസൈൻ, മീഡിയ, റസ്റ്റോറന്റ്, കഫേ തുടങ്ങി വൈവിദ്ധ്യമാർന്ന മേഖലകൾ ഗിഗ് ഇക്കോണമിയുടെ ഭാഗമാണ്.

ഗിഗ്: നേട്ടവും

നഷ്ടവും

ഇഷ്ടമുള്ള ജോലി ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത് ചെയ്യാം. അവനവൻ തന്നെയാണ് ബോസ്. വിദ്യാർത്ഥികൾക്ക് പഠനച്ചെലവിനും തൊഴിൽ തേടി അലയുന്നവർക്ക് താത്കാലിക വരുമാനത്തിനും ഗിഗ് തൊഴിലുകൾ ഉതകും. ഇത്തരം സ്വാതന്ത്ര്യങ്ങൾക്കൊപ്പം ഈ തൊഴിലിന് കോട്ടങ്ങളും ഏറെയുണ്ട്. വരുമാനം സ്ഥിരമല്ല. ഏറ്റക്കുറച്ചിലുണ്ടാവാം. ഓഫ്പീക്ക് സമയത്ത് ‌ഡെലിവറി കുറയാം. ഉള്ളപ്പോൾ സദ്യ; ഇല്ലാത്തപ്പോൾ പട്ടിണി. അതാണ് അവസ്ഥ.

ഡെലിവറി ബോയ്സ് മണിക്കൂറുകൾ റോഡിലാണ്. മഴയും വെയിലും കൊള്ളണം. അപകടങ്ങൾക്ക് സാദ്ധ്യത. ഡെലിവറി ഡെഡ്ലൈൻ പാലിക്കണം. ചില കസ്റ്റമർമാരുടെ ചീത്ത കേൾക്കണം. പുറമേ,​ കൂടുതൽ വരുമാനമുണ്ടാക്കണമെന്ന സമ്മർദ്ദവും. ഇതെല്ലാം മാനസികമായും ശാരീരികമായും തളർത്തും. വിദ്യാർത്ഥികളാണെങ്കിൽ പഠിത്തത്തിൽ ശ്രദ്ധകുറയും. മെച്ചപ്പെട്ട തൊഴിൽ കണ്ടെത്താനുള്ള പരിശ്രമങ്ങളെയും ഇതു ബാധിക്കും.

കുരുക്കഴിച്ച്

കയറണം

ഗിഗ് ഒരു താത്കാലിക അവസരം മാത്രമായി കാണുക. അതൊരു ദീർഘകാല,​ സ്ഥിരം കരിയർ അല്ല. ഗിഗ് ജോലി നല്കുന്ന സ്വാതന്ത്ര്യം മുതലെടുത്ത് വരുമാനം നേടുക. ഒപ്പം വിദ്യാഭ്യാസത്തിൽ ശ്രദ്ധിച്ച് നൈപുണ്യം ആർജ്ജിക്കുക. കമ്പ്യൂട്ടർ,​ ഐ.ടി മേഖലകളിൽ തൊഴിൽ നേടാനുള്ള ബൂട്ട് ക്യാമ്പുകൾ,​ ഓൺലൈൻ ഡിസൈൻ കോഴ്സുകൾ തുടങ്ങിയ നൈപുണ്യ വികസന പ്രോഗ്രാമുകളിൽ ചേർന്ന് പഠിക്കണം. അല്ലെങ്കിൽ പുതിയൊരു ഭാഷ പഠിക്കാം. ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സ്‌കില്ലുകൾ കണ്ടെത്തി പഠിക്കണം. അങ്ങനെ സ്ഥിരതയും മികച്ച ശമ്പളവുമുള്ള ഒരു കരിയറിലേക്ക് വഴിയൊരുക്കാം.

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിൽ മത്സരിക്കാൻ കഴിയും വിധം നൈപുണ്യം നിരന്തരം വികസിപ്പിക്കുകയാണ് പ്രധാനം. ഡെലിവറി ബോയ് ആയോ ടാക്സി ഡ്രൈവർ ആയോ അല്ലെങ്കിൽ മറ്റേത് ഗിഗ് ജോലിയോ ചെയ്യുമ്പോഴും മറ്റ് പ്രൊഫഷനുകളിലും സഹായകമാകുന്ന നൈപുണ്യങ്ങൾ വളർത്തിയെടുക്കാൻ ബോധപൂർവം ശ്രമിക്കണം. ഉപഭോക്താക്കളുമായി നിരന്തരം ഇടപഴകി ആശയവിനിമയ ശേഷി മെച്ചപ്പെടുത്തണം. ശ്രദ്ധയുള്ള കേൾവിക്കാരനാവണം. മികച്ച സേവനം നൽകാൻ വ്യക്തതയുള്ള കമ്മ്യൂണിക്കഷൻ വേണം. എളുപ്പമുള്ള ഡെലിവറി റൂട്ടുകൾ കണ്ടെത്തി സമയത്തെ വരുതിയി‍‍ൽ നിറുത്തണം.

ഗിഗ് എന്ന

അവസരം

ടൈം മാനേജ് പഠിക്കാൻ ഗിഗ് ഒരു അവസരമാണ്. അപ്രതീക്ഷിതമായ ട്രാഫിക ജാമുകൾ,​ റോഡിൽ നിനച്ചിരിക്കാതെ നേരിടുന്ന തടസങ്ങൾ തുടങ്ങിയവ നിങ്ങളുടെ പ്രശ്നപരിഹാര ശേഷി വികസിപ്പിക്കാനുള്ള അവസരങ്ങളാക്കണം. ഗിഗ് ജോലിക്കിടെ നല്ല ആളുകളുടെ കൂട്ടുകെട്ടുണ്ടാക്കണം. അത് മികച്ച തൊഴിലുകൾ കണ്ടെത്താൻ ഉപകരിക്കും. റെസ്റ്റോറന്റ് ഉടമകൾ,​ ഒപ്പമുള്ള ഗിഗ് ജോലിക്കാർ,​ ഉപഭോക്താക്കളിലെ ബിസിനസുകാർ,​ മറ്റ് പ്രൊഫഷണലുകൾ തുടങ്ങിയവരുമായി ആശയവിനിമയത്തിന് മുൻകൈയെടുക്കണം.

നിങ്ങളുടെ വർക്ക് എത്തിക്സും കമ്മ്യൂണിക്കേഷൻ സ്കില്ലും ഇത്തരക്കാരെ ആകർഷിക്കണം. ഇവരിൽ ആരെങ്കിലും കൂടുതൽ മെച്ചപ്പെട്ട ഒരവസരം തന്നുകൂടെന്നില്ല. നല്ല ബന്ധങ്ങൾ സൃഷ്‌ടിക്കുന്നതും അത് ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകുന്നതും മികച്ച കരിയറിലേക്ക് വാതിൽ തുറന്നുതരാം. നിങ്ങളുടെ ആത്മാർപ്പണവും പ്രൊഫഷണലിസവും വ്യക്തമായി പ്രകടമാക്കി മറ്റുള്ളവരുമായി ഇടപഴകുന്നത് ശീലമാക്കണം. അവരിലൂടെ തുറന്നു കിട്ടുന്ന അവസരങ്ങൾ ചാടിപ്പിടിക്കണം.

ഗിഗ് ജോലിയുടെ സ്വാതന്ത്ര്യം ആസ്വദിക്കുക. അതു പക്ഷേ,​ നിങ്ങൾ സ്വപ്നം കാണുന്ന ജോലിയിലേക്കുള്ള ചവിട്ടുപടി മാത്രമാകട്ടെ. താത്കാലിക വരുമാനം മാത്രം ലക്ഷ്യമിടാതെ അവനവനിൽ നിക്ഷേപം നടത്തി സ്വയം വളരണം. നിരന്തരം ശേഷികൾ നവീകരിക്കുകയും,​ നല്ല ബന്ധങ്ങൾ സ്ഥാപിക്കുകയും,​ മികച്ച കരിയറിനായി ലക്ഷ്യബോധത്തോടെ നീങ്ങുകയും ചെയ്യുന്നവർക്കുള്ളതാണ് ഭാവിയിലെ ലോകം. ഡിമാൻഡുള്ള നൈപുണ്യങ്ങളും അറിവുമാണ് സുരക്ഷിത കരിയറിലേക്കുള്ള താക്കോൽ. നമ്മുടെ യഥാർത്ഥ കഴിവുകൾ പ്രകടിപ്പിക്കാനും ലക്ഷ്യങ്ങൾ നേടാനും കഴിയുന്നതാവട്ടെ,​നമ്മുടെ ആത്യന്തികമായ വഴി.

(ഇ- മെയിൽ: ranjit@karthikeyan.ca,​ വെബ്: www.rkgalobal.com)​

Advertisement
Advertisement