അഭിഭാഷകരും അന്യായക്കാരെന്ന ഉപഭോക്താക്കളും

Monday 20 May 2024 12:48 AM IST

അഭിഭാഷകർ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും,​ സേവനം മോശമാണെന്ന് ആരോപിച്ച് ഒരു അഭിഭാഷകനെതിരെ ഉപഭോക്തൃ കോടതിയിൽ നല്കുന്ന കേസ് നിലനിൽക്കില്ലെന്നും സുപ്രീംകോടതി വിധിച്ചിരിക്കുകയാണ്. താഴത്തെ കോടതിയിൽ ഒരു കക്ഷി അന്യായം ഫയൽ ചെയ്യുന്നു എന്നു കരുതുക. കക്ഷി പറഞ്ഞുകേട്ടതനുസരിച്ച് വക്കീൽ തയ്യാറാക്കുന്ന അന്യായത്തിൽ അപാകതകളുണ്ടെങ്കിൽ തിരുത്തി ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് അത് ഒപ്പിട്ടു നൽകുന്നത്. എതിർകക്ഷിയുടെ റിട്ടേൺ സ്റ്റേറ്റ്മെന്റും ഇപ്രകാരം മറ്റൊരു വക്കീൽ തയ്യാറാക്കും.

വർഷങ്ങൾക്കുശേഷം,​ ഹാജരാക്കിയ രേഖകളുടെയും സാക്ഷി മൊഴികളുടെയും അ‌ടിസ്ഥാനത്തിൽ വിസ്താരം നടക്കുന്നു. ഇരുപക്ഷവും ഉന്നയിക്കുന്ന വാദഗതികളും സമർപ്പിച്ച രേഖകളും സൂക്ഷ്മമായി വിശകലനം ചെയ്ത് ജഡ്ജി നിഷ്പക്ഷവും നീതിപൂർവകവുമായ നിഗമനത്തിൽ എത്തിച്ചേരുന്നു. ഇവിടെ,​ തോറ്റ കക്ഷിക്ക് സ്വന്തം വക്കീലിന്റെ സേവനം മോശമാണെന്ന് പറയാൻ കഴിയില്ല. അതേസമയം,​ കേസ് കോടതിയിൽ വിളിക്കുന്ന സമയത്ത് തന്റെ വക്കീൽ ഹാജരാകാതിരുന്നതുകൊണ്ട് കേസ് തള്ളിപ്പോയാൽ അവിടെ വക്കീലിന്റെ സേവനം മോശമാണെന്ന് ആരോപിച്ചാൽ കുറ്റം പറയാൻ കഴിയില്ല.

പിന്നീട് ആ കേസ് കോടതിയുടെ പരിഗണനയിൽ വരണമെങ്കിൽ സ്റ്റാമ്പ്, ടൈപ്പിംഗ് ചാർജ്, ഫീസ് എന്നിവ നൽകേണ്ടിവരും. കക്ഷിക്ക് യഥാസമയം സേവനം കിട്ടാതെ വരുന്നതുകൊണ്ട് പണ നഷ്ടം വരികയും,​ നീതി ലഭ്യമാകുന്നതിൽ കാലതാമസം നേരിടുകയുമാണ്. താഴത്തെ കോടതിയിൽ തീരുമാനമായ കേസിൽ അപ്പീൽ നൽകാൻ ഫയൽ ഏല്പിച്ച്,​ വക്കാലത്തും ഫീസും രേഖകളും ഒപ്പിട്ടു നൽകിയിട്ട് വക്കീലിന്റെ ഉപേക്ഷകൊണ്ട് യഥാസമയം അപ്പീൽ ഫയൽ ചെയ്യാതെ വരുന്നതുകൊണ്ടുള്ള നഷ്ടം കക്ഷി വഹിക്കേണ്ടതല്ല.

ഉദാഹരണത്തിന്,​ പൊന്നുംവില കേസിൽ രണ്ടുവർഷം കഴിഞ്ഞാണ് അപ്പീൽ ഫയൽ ചെയ്യുന്നതെങ്കിൽ താമസമുണ്ടാകുന്ന കാലയളവിലെ പലിശത്തുക വർദ്ധിപ്പിക്കുന്ന സമയത്ത് കക്ഷിക്ക് ലഭിക്കാറില്ല. ഇത് കക്ഷി സഹിക്കേണ്ടതല്ല. ഇതുപോലെ പല സന്ദർഭങ്ങളിലും ഉപേക്ഷകൊണ്ട് കക്ഷിക്ക് നഷ്ടമുണ്ടാകുന്ന സന്ദർഭങ്ങൾ സുപ്രീംകോടതി പരിഗണിക്കേണ്ടതായിരുന്നു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ നിർവചനത്തിൽ വക്കീലന്മാരെ ഉൾപ്പെടുത്താത്തിടത്തോളം കാലം,​ സേവനനിഷേധത്തിന്റെ പേരിൽ ബാർ കൗൺസിലിന് പരാതി സമർപ്പിക്കുകയോ സിവിൽ കോടതിയിൽ പോകുകയോ മാത്രമേ മാർഗമുള്ളൂ.

ആറുമാസം മുമ്പുവരെ,​ ബാർ കൗൺസിലിന് പരാതി അയയ്ക്കണമെങ്കിൽ അംഗങ്ങളായ 25 പേർക്കും മൂന്ന് ഓഫീസ് കോപ്പിയും ഉൾപ്പെടെ പരാതിയുടെ 28 പകർപ്പുകൾ തയ്യാറാക്കണമായിരുന്നു. ഇപ്പോൾ ഓൺലൈൻ സമർപ്പണമായതുകൊണ്ട് കോപ്പി എടുക്കേണ്ട ചെലവ് കുറയും. ബാർ കൗൺസിലിൽ പരാതിപ്പെടുന്നതുകൊണ്ട് പരാതിക്കാരന് കാര്യമായ ഒരു ഗുണവും പ്രതീക്ഷിക്കാനാവില്ല. വക്കീലിന് താക്കീതോ കുറച്ചു ദിവസത്തെ പ്രാക്ടീസ് വിലക്കോ കിട്ടിയാലായി!

സിവിൽ കോടതിയിൽ പോകണമെങ്കിൽ പത്തുശതമാനം തുക കോർട്ട് ഫീസ് ആയി കെട്ടിവയ്ക്കണം. കേസുകൾ കാലങ്ങളോളം നീണ്ടുപോവുകയും ചെയ്യും. ഉപഭോക്തൃ തർക്ക പരി​ഹാര കോടതി​യി​ൽ ഫീസി​ല്ലെന്നു മാത്രമല്ല,​ കക്ഷിക്ക് നേരിട്ട് വാദിക്കാനും സാധിക്കും. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും വലിയ ദുര്യോഗം കേസുകൾ തീർപ്പാകുന്നതിലെ കാലതാമസമാണ്. മൂന്ന് മിനിട്ടുകൊണ്ട് തീരേണ്ട കേസുകൾപോലും പല കാരണങ്ങളാൽ അവധിക്കുവച്ച് വർഷങ്ങൾ നീണ്ടുപോകും. പലപ്പോഴും വാദികളും എതിർകക്ഷികളും പ്രതികളും സാക്ഷികളും മരണപ്പെട്ടു കഴിയുമ്പോഴായിരിക്കും കേസ് പരിഗണനയ്ക്കു വരുന്നത്!

സേവന നിയമം വളരെ കർക്കശമാകുന്നതും പലപ്പോഴും ഉപഭോക്താക്കൾക്ക് വിനയാകും. അപകടത്തിൽപ്പെടുന്ന ഒരു രോഗിയെയുംകൊണ്ട് ചെറിയ ആശുപത്രിയിലെത്തുമ്പോൾ ഡോക്ടർമാർ കൈയൊഴിയുന്നതു പതിവാണ്. ആന്തരാവയവങ്ങൾക്ക് എന്തെങ്കിലും തകരാറ് ഉണ്ടായികാണുമോ എന്നു സംശയിച്ച് രോഗിയെ ദൂരെയുള്ള മെഡിക്കൽ കോളേജിലേക്ക് അയയ്ക്കും. തങ്ങൾ ചികിത്സിച്ച് എന്തെങ്കിലും അപാകതയുണ്ടായാൽ സേവനം മോശമായി എന്ന ആരോപണമോ കേസോ ഉണ്ടായേക്കാമെന്ന ഭയപ്പാടിലാണ് ഇത്തരം നടപടികൾ.

ഒരു നിയമത്തിലെ പോരായ്മകൾ പരിഗണിച്ച്,​ അതിനു പരിഹാരമായ നിയമം നിർദ്ദേശിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ട്. ആ വിധി വരുന്നതു മുതൽ പുതിയ നിയമം അനുസരിച്ച് പരാതിക്കാരന് മുന്നോട്ടുപോകാനാവും. ഉദാഹരണത്തിന്,​ ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ടപ്പോൾ,​ പൊതുസ്ഥലങ്ങളിൽ പുകവലി ശിക്ഷാർഹമാണെന്ന് എഴുതപ്പെട്ടിരുന്നില്ല. പൊതുസ്ഥലത്തെ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചപ്പോൾ അത് നിയമമാകുകയും,​ മറ്റു രാജ്യങ്ങളും ഈ നിലപാടിലേക്ക് വന്നുചേരുകയുമാണ് ഉണ്ടായത്. പുതിയ നിയമവ്യവസ്ഥകൾ രൂപീകരിക്കുന്നതിൽ ഇത്തരം നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നമ്മുടെ പരമോന്നത കോടതി,​ ഉപഭോക്തൃ നിയമത്തിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള പോരായ്മ പരിഹരിക്കാനുള്ള ഉത്തരവ് കൂടി വൈകാതെ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കാം.

(പൊതുപ്രവർത്തകനും ഉപഭോക്തൃ നിയമ വിദഗ്ദ്ധനുമാണ് ലേഖകൻ)​

Advertisement
Advertisement