രൂക്ഷവിമർശനവുമായി മോദി 'സോണിയ കൈയൊഴിഞ്ഞ സ്ഥലത്ത് മകൻ വോട്ട് തേടുന്നു'

Monday 20 May 2024 12:58 AM IST

റാഞ്ചി: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റായ്ബറേലിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടിക്ക് ഇതുവരെ ഒരു പ്രവർത്തകനെ കണ്ടെത്താൻ സാധിച്ചില്ല. പകരം സോണിയ ഉപേക്ഷിച്ച മണ്ഡലത്തിൽ മകൻ വോട്ടു തേടുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ജംഷേദ്പുരിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കൊവിഡിനു ശേഷം ഒരിക്കൽ പോലും സോണിയ റായ്ബറേലി സന്ദർശിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ അവർ സ്വന്തം മകനുവേണ്ടി വോട്ട് ചോദിക്കുന്നു. അവരുടെ കുടുംബസ്വത്തായിട്ടാണ് റായ്ബറേലിയെ അവർ കാണുന്നത്. കോൺ​ഗ്രസിന്റെ രാജകുമാരൻ റായ്ബറേലിയിൽ മത്സരിക്കുന്നതിനായി പറന്നെത്തി. ഇത് അമ്മയുടെ സീറ്റാണെന്ന് പറഞ്ഞ് നടക്കുകയാണ് അദ്ദേഹം.

അച്ഛൻ പഠിച്ച അതേ സ്കൂളിൽ പഠിക്കാൻ പോകുന്ന എട്ടു വയസ്സുകാരൻ പോലും ഇത് എന്റെ അച്ഛന്റെ സ്കൂളാണെന്ന് പറയില്ല. ഈ കുടുംബം പാർലമെന്റ് സീറ്റുകളുടെ വിൽപ്പത്രം എഴുതിവയ്ക്കുകയാണ്. ഇത്തരം പാർട്ടികളിൽനിന്ന് ജാ‍ർഖണ്ഡിനെ രക്ഷിക്കണമെന്നും മോദി പറഞ്ഞു.

നേരത്തെ, ചില ആളുകൾക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ പോലും ധൈര്യമില്ലെന്ന് സോണിയയെ ഉന്നംവച്ചുകൊണ്ട് മോദി പറഞ്ഞിരുന്നു.

മകനെ റായ്ബറേലിക്കാരായ ജനങ്ങൾക്ക് തരുന്നെന്നായിരുന്നു രാഹുലിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സോണിയ പറഞ്ഞത്. രാഹുൽ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും വികാരഭരിതമായി അവർ പറഞ്ഞു.

സംവാദം: മോദി ഒളിച്ചോടിയെന്ന് രാഹുൽ

മുൻ സുപ്രീംകോടതി ജഡ്‌ജിമാരും മാദ്ധ്യമ പ്രവർത്തകരും നിർദ്ദേശിച്ച പൊതുസംവാദത്തിന് താൻ തയ്യാറായെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചോടിയെന്ന് രാഹുൽ പരിഹസിച്ചു. 5-10 മാദ്ധ്യമപ്രവർത്തകർക്ക് 30-35 അഭിമുഖങ്ങൾ നൽകിയ പ്രധാനമന്ത്രിക്ക് ഒരു സംവാദം നടത്താൻ കഴിയില്ലേയെന്നും ചോദിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ഭരണഘടന സംരക്ഷിക്കാനാണ് കോൺഗ്രസും 'ഇന്ത്യ' മുന്നണിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

Advertisement
Advertisement