ആം ആദ്മിയെ തീർക്കാൻ ബി.ജെ.പിയുടെ  'ഓപ്പറേഷൻ ചൂൽ' : കേജ്‌രിവാൾ, ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച്

Monday 20 May 2024 12:02 AM IST

ന്യൂഡൽഹി : ആംആദ്മി പാർട്ടിയെ ഉന്മൂലനം ചെയ്യാൻ ബി.ജെ.പി 'ഓപ്പറേഷൻ ചൂൽ" ആരംഭിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു.

ആം ആദ്മി വള‌രുകയാണെന്ന് പ്രധാനമന്ത്രി തന്നെ പലരോടും പറഞ്ഞു. പല സംസ്ഥാനങ്ങളിലും മുഖ്യ എതിരാളിയായി ആം ആദ്മി വളരുമെന്ന് ബി.ജെ.പി ഭയക്കുന്നു. മുഴുവൻ നേതാക്കളെയും ജയിലിലടയ്‌ക്കാൻ പോകുകയാണ്. തന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാറിനെ അറസ്റ്റ് ചെയ്‌തു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആംആദ്മിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. പാർട്ടി ആസ്ഥാനം ഒഴിപ്പിച്ച് തെരുവിലേക്ക് ഇറക്കാനാണ് നീക്കം. ആം ആദ്മി രാജ്യസഭാ എം.പിയായ സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ ബിഭവ്കുമാറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ചും ധർണയും നടത്താൻ പുറപ്പെടുന്നതിന് മുൻപാണ് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചത് .

ഇരു പാർട്ടികളുടെയും ആസ്ഥാനങ്ങൾ ദീൻദയാൽ ഉപാദ്ധ്യായ മാർഗിലാണ്. മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും കേജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ചെയ്ത് മീറ്ററുകൾ പിന്നിട്ടിപ്പോൾ പൊലീസ് തടഞ്ഞു. തടയുന്നിടത്ത് അരമണിക്കൂർ റോഡിലിരിക്കുമെന്നും അറസ്റ്റ് ചെയ്തില്ലെങ്കിൽ ബി.ജെ.പിയുടെ പരാജയമായി വിലയിരുത്തുമെന്നും കേജ്‌രിവാൾ പറഞ്ഞിരുന്നു. പ്രതിഷേധത്തിനുശേഷം നേതാക്കൾ മടങ്ങി. ചില പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിരുന്നു. നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. സമീപത്തെ ഐ.ടി.ഒ മെട്രോ സ്റ്റേഷൻ അടച്ചിട്ടു.

ഭഗവദ്ഗീത

പരാമർശിച്ച്

കേജ്‌രിവാൾ

ആം ആദ്മി പാർട്ടി വിചാരധാരയാണെന്ന് വ്യക്തമാക്കിയ കേജ്‌രിവാൾ, അതിനെ ആർക്കും നശിപ്പിക്കാൻ സാധിക്കില്ലെന്ന് ഭഗവദ്ഗീത ഉദ്ധരിച്ചു പറഞ്ഞു. ആത്മാവിനെ നശിപ്പിക്കാൻ സാധിക്കില്ലെന്ന് ഗീതയിൽ പറയുന്നത് പോലെയാണിത്. ജയിലിലായിരിക്കെ രണ്ടുതവണ ഭഗവദ്ഗീതയും ഒരുതവണ രാമായണവും വായിച്ചു.

ജയിലിലാകാൻ ജാമ്യം

റദ്ദാക്കിയാൽ മതി: നദ്ദ

ജയിലിലേക്ക് പോകണമെങ്കിൽ മദ്യനയക്കേസിലെ സ്വന്തം ജാമ്യം റദ്ദാക്കിയാൽ മതിയെന്ന് കേജ്‌രിവാളിനെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പരിഹസിച്ചു. മലിവാൾ ബി.ജെ.പി ഏജന്റല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement