നെൽക്കൃഷിയിൽ നഷ്ടം 150 കോടി; കണക്കറിയാതെ വകുപ്പ്

Monday 20 May 2024 12:19 AM IST

തൃശൂർ: വേനൽച്ചൂടിൽ, നെല്ലുത്പാദനത്തിൽ മാത്രം 150 കോടിയിലേറെ നഷ്ടമെന്ന് കർഷകസംഘം അടക്കമുള്ള സംഘടനകൾ പറയുമ്പോഴും നഷ്ടക്കണക്ക് തിട്ടപ്പെടുത്താതെ കൃഷിവകുപ്പ്. പുതിയ വർഷം കൃഷി ആരംഭിക്കും മുമ്പായി മാന്യമായ നഷ്ടപരിഹാരം ലഭ്യമായില്ലെങ്കിൽ മുന്നോട്ടു പോകാനാവില്ലെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.

ബാങ്കിൽ നിന്നും സ്വകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പയെടുത്ത കൃഷിക്കാർ കൂടുതൽ ദുരിതമനുഭവിക്കുമ്പോഴാണ് കണക്ക് പുറത്തുവിടാതെയും അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാതെയും കൃഷിവകുപ്പ് കർഷകരെ കണ്ടില്ലെന്ന് നടിക്കുന്നത്. കോൾമേഖലയിലാണ് നഷ്ടം ഗുരുതരം. മുഖ്യമായി വൈക്കോൽ മാത്രം ആശ്രയിക്കുന്ന നാട്ടിൻപുറങ്ങളിലെ ക്ഷീരകർഷകരും സാമ്പത്തിക പ്രതിസന്ധിയിലാണ്. നെല്ലും വൈക്കോലും ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെട്ട ആയിരക്കണക്കിന് കർഷകരുണ്ട്. കൊയ്‌തെടുത്താൽ കൊയ്ത്ത് കൂലി പോലും ലഭിക്കാത്ത പാടശേഖരങ്ങൾ കത്തിച്ചുകളയാൻ പോലും നിർബന്ധിതരായി. ചണ്ടും പതിരും മാത്രമുണ്ടായിരുന്ന പാടങ്ങളും നിരവധിയായിരുന്നു.

ഉത്പാദനം 25ൽ നിന്ന് രണ്ടിലേക്ക്

ഒരേക്കറിൽ ലഭിക്കാറുള്ളത്: 25 മുതൽ 35 ക്വിന്റൽ വരെ
ലഭിച്ചത്: രണ്ട് മുതൽ നാല് ക്വിന്റൽ വരെ.
ഒരേക്കറിന് ഉത്പാദനച്ചെലവ്: 25,000- 35,000 രൂപ വരെ
സംസ്ഥാനത്തും നെല്ലുത്പാദനം നേർപകുതിയിലും കുറവ്
വിരിപ്പ്, മുണ്ടകൻ, പുഞ്ച സീസണിലിറക്കുന്ന കൃഷി: 28,524 ഏക്കറിൽ
കോൾ നിലങ്ങളിൽ: 26,656 ഏക്കറിൽ
ഉത്പാദനം: 1,12,001 ടൺ നെല്ല്
ഈ വർഷം കൃഷിയിറക്കിയത്: 48,716 ഏക്കറിൽ
ഉത്പാദനം: 62,515 ടൺ നെല്ല്

പ്രതിസന്ധി വഴികൾ

ഉത്പാദന ചെലവിന്റെ ക്രമാതീതമായ വർദ്ധന
ഗുണമേന്മയില്ലാത്ത വിത്ത്, വളം മുതലായവ മൂലമുള്ള ഉത്പാദന കുറവ്
കൊടുംചൂട്, കാലം തെറ്റിയുള്ള മഴ എന്നിവ മൂലമുള്ള കൃഷിനാശം
പെരുകികൊണ്ടിരിക്കുന്ന വന്യമൃഗശല്യം
മണ്ണിന്റെ ഘടനയിലുണ്ടായ വ്യത്യാസം
ഒരേ വിത്തുപയോഗിച്ചുള്ള ആവർത്തന കൃഷി

കാർഷിക മേഖല നേരിടുന്ന പ്രത്യക്ഷവും, ദൂരവ്യാപകവുമായ തകർച്ച ഇടവരുത്തുന്ന ഘടകങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി പെട്ടെന്നുള്ള പരിഹാര മാർഗങ്ങളുണ്ടാകണം.

എ.എസ്.കുട്ടി
ജില്ലാ സെക്രട്ടറി
കേരള കർഷകസംഘം

മഴ വ്യാപകം

ഇന്നലെയാണ് വ്യാപകമായി ജില്ലയിൽ മഴ പെയ്തു തുടങ്ങിയത്. പുല്ലഴി കോൾപ്പടവിൽ പത്തേക്കർ കൊയ്യാനുണ്ട്. അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടെ മഴ പെയ്തത് ആശ്വാസമായെന്ന് കർഷകർ പറയുന്നു.

മഴക്കണക്ക്

കൊടുങ്ങല്ലൂർ: 51
ഏനാമാക്കൽ: 34.2
കുന്നംകുളം: 28
ഇരിങ്ങാലക്കുട: 24.5
വടക്കാഞ്ചേരി: 24
വെള്ളാനിക്കര: 24
ചാലക്കുടി: 11.4.

Advertisement
Advertisement