ബാരാമുള്ളയിൽ ഇന്ന് വോട്ടെടുപ്പ്, ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം, ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു

Monday 20 May 2024 12:45 AM IST

ശ്രീനഗർ:ജമ്മുകാശ്‌മീരിലെ ബാരാമുള്ളയിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ രണ്ട് ഭീകരാക്രമണങ്ങളിൽ ബി. ജെ. പി നേതാവ് കൊല്ലപ്പെടുകയും ടൂറിസ്റ്റ് ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ശനിയാഴ്ച രാത്രി അനന്ത്നാഗിലും ഷോപ്പിയാനിലും ഭീകരർ വെടിവയ്ക്കുകയായിരുന്നു

അനന്ത്നാഗിലെ യന്നാറിൽ ആയിരുന്നു ആദ്യ ആക്രമണം. രാത്രി പത്ത് മണിയോടെ ടൂറിസ്റ്റ് ക്യാമ്പിന്‌ നേരെയുണ്ടായ വെടിവയ്‌പിലാണ് ജയ്‌പൂർ സ്വദേശികളായ ദമ്പതികൾ തബ്രേസിനും ഫർഹയ്ക്കും വെടിയേറ്റത്. ഗുരുതമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തരയോടെ ഷോപ്പിയാനിലെ ഹിർപോറായിൽ ബി.ജെ.പി മുൻ സർപഞ്ച് ഐജാസ് ഷെയ്ഖിനെയാണ് ഭീകരർ വെടിവച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

25ന് വോട്ടെടുപ്പ് നടടക്കുന്ന അനന്ത്‌നാഗ്- രജൗറി മണ്ഡലത്തിൽ പ്രചാരണം തുടരുന്നതിനിടെയാണ് ആക്രമണം. പ്രദേശം സുരക്ഷാസേന വളഞ്ഞു.

ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. നാഷണൽ കോൺഫറൻസ്, പി.ഡി.പി, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീ യ പാർട്ടികൾ ആക്രമണങ്ങളെ അപലപിച്ചു.

ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് അനന്ത്നാഗ് - രജൗരി സീറ്റിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു. നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റും ബാരാമുള്ളയിലെ സ്ഥാനാർത്ഥിയുമായ ഒമർ അബ്ദുള്ള എന്നിവരും അപലപിച്ചു.
ജമ്മു കാശ്‌മീരിലെ ബി.ജെ.പിയുടെ ധീരനായ പോരാളിയായിരുന്നു ഐജാസെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നെന്നും ബി.ജെ.പി അനുശോചന കുറിപ്പിൽ പറഞ്ഞു.

കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നിലും വോട്ടെടുപ്പ് കഴിഞ്ഞു.

Advertisement
Advertisement