ഡൽഹിയിൽ 47.8 ഡിഗ്രി ചൂട്; റെഡ് അലർട്ട്,​ ഉഷ്‌ണതരംഗ മുന്നറിയിപ്പ്

Monday 20 May 2024 1:21 AM IST

ന്യൂഡൽഹി: കൊടുംചൂടിൽ വിയർത്തൊലിക്കുകയാണ് രാജ്യതലസ്ഥാനം. 47.8 ഡിഗ്രി കൊടുംചൂടാണ് ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയത്. ഉഷ്‌ണതരംഗ സാദ്ധ്യത മുൻനിറുത്തി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നജഫ്ഗഡിലാണ് 47.8 ഡിഗ്രി രേഖപ്പെടുത്തിയത്. മുംഗേഷ്‌പുരിൽ 47.7 ഡിഗ്രിയും സഫ്ദർജംഗിൽ 44.4 ഡിഗ്രിയും രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിലും റെഡ് അലർട്ട് തുടരും. ഇന്ന് ഡൽഹിയിലെ മിക്ക മേഖലയിലും ഉഷ്‌ണതരംഗമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക്

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹരിയാന, ചണ്ഡിഗർ, പഞ്ചാബ്, രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും കിഴക്കൻ രാജസ്ഥാനിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൂട് രൂക്ഷമായ ഹരിയാനയുടെ പല മേഖലകളിലും സ്‌കൂളുകളുടെ മദ്ധ്യവേനൽ അവധിക്കാലം നേരത്തെ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. അടുത്ത നാലുദിവസങ്ങളിൽ പ്രശ്‌നം രൂക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ജാഗ്രത പുലർത്തണം

അടുത്ത ഏഴുദിവസം അതീവജാഗ്രത പാലിക്കണം. സൂര്യാഘാതം ഏൽക്കാൻ സാദ്ധ്യതയുണ്ട്. അസുഖബാധിതർ, കുട്ടികൾ, പ്രായമായവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. സൂര്യപ്രകാശമേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കണം.

Advertisement
Advertisement