നാച്ചുറൽസ് ഐസ്‌ക്രീം സ്ഥാപകൻ രഘുനന്ദൻ കാമത്ത് അന്തരിച്ചു

Monday 20 May 2024 1:25 AM IST

മുംബയ്: നാച്ചുറൽസ് ഐസ്‌ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കാമത്ത് (70) അന്തരിച്ചു. അസുഖത്തെ തുടർന്ന് വെള്ളിയാഴ്‌ചയായിരുന്നു അന്ത്യം. അന്ധേരി വെസ്റ്റിലെ അംബോളിയിൽ ശനിയാഴ്ച വൈകുന്നേരം സംസ്‌കാരചടങ്ങുകൾ നടന്നു.

'ഐസ്‌ക്രീം മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന അദ്ദേഹം 14-ാം വയസ്സിൽ പഠനം ഉപേക്ഷിച്ചാണ് ഈ മേഖലയിലെത്തുന്നത്.

മംഗളൂരുവിലെ മാങ്ങാ കച്ചവടക്കാരന്റെ മകനായി ജനിച്ച രഘുനന്ദന്റെ നാച്ചുറൽസ് ഐസ്‌ക്രീം 400 കോടി വിറ്റുവരവുള്ള സ്ഥാപനമാണ്. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.

സഹോദരന്റെ റസ്റ്റോറന്റിൽ ജോലിക്കുനിൽക്കവെയാണ് ഐസ്‌ക്രീമിൽ പഴങ്ങളുടെ രുചി കൊടുക്കുന്നതിനുപകരം എന്തുകൊണ്ട് യഥാർത്ഥ പഴങ്ങൾ (പഴങ്ങളുടെ പൾപ്പ്) ഉൾപ്പെടുത്തിക്കൂടാ എന്ന ചിന്ത രഘുനന്ദന് വന്നത്. ആളുകൾ ഇതെങ്ങനെ സ്വീകരിക്കുമെന്ന സംശയത്തിൽ പ്രധാന വിഭവമായി പാവ്–ബാജിയും ഒപ്പം ഐസ്‌ക്രീമും കൊടുത്തുതുടങ്ങി.

1984ൽ ജൂഹുവിലാണ് ആദ്യ ഐസ്‌ക്രീം പാർലർ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 12 രുചികളിലുള്ള ഐസ്‌ക്രീം ആണ് വിറ്റിരുന്നത്. ഐസ്‌ക്രീം പണക്കാരുടെ വിഭവമെന്ന പേരിൽനിലനിന്നിരുന്നപ്പോഴാണ് രഘുനന്ദൻ ഈ രംഗത്തേക്ക് ഇറങ്ങിയത്. 1994 ആയപ്പോഴേക്ക് അഞ്ചോളം ഔട്ട്‌ലെറ്റുകൾ അദ്ദേഹം തുറന്നു. ഇന്ന് 15 നഗരങ്ങളിലായി 165 ഔട്ട്‌ലെറ്റുകൾക്ക് മുകളിൽ നാച്ചുറൽസിനുണ്ട്.

Advertisement
Advertisement