വാട്സ്ആപ്പ് വഴി മുത്തലാഖ് ചെയ്തു ; തെലങ്കാനയിൽ യുവാവ് അറസ്റ്റിൽ

Monday 20 May 2024 1:26 AM IST

ഹൈദരാബാദ്: വാട്സ്ആപ്പ് വോയ്സ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ആദിലാബാദിലാണ് സംഭവം. കെ.ആർ.കെ കോളനിയിൽ അബ്‌ദുൾ അതീഖ് എന്ന 32കാരനെയാണ് അറസ്റ്റ് ചെയ്‌തത്. 2017ലാണ് അതീഖ് ആദിലാബാദ് സ്വദേശിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. പലപ്പോഴും ഇവർ തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. യുവതിക്കൊപ്പമാണ് മക്കൾ. ഇതിനിടെ അതീഖ് വീണ്ടും വിവാഹിതനായി. 2023ൽ ആദ്യഭാര്യ അതീഖിനെതിരെ പീഡനക്കേസ് ഫയൽ ചെയ്തു. ജീവനാംശത്തിനായി കേസും നൽകി. ഇതോടെ അതീഖിന്റെ മക്കളുടെ സംരക്ഷണത്തിനായി പ്രതിമാസം 7,200 രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവ് പാലിക്കാതെ വന്നതോടെ യുവതി വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് അതീഖ് ഹാജരാകാൻ കോടതി സമൻസ് അയച്ചു. ഇതിനിടെ അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. യുവതി വീണ്ടും ആദിലാബാദ് പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും റിമാന്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Advertisement
Advertisement