ക്രിമിനൽ നിയമങ്ങൾ; ഹർജി ഇന്ന് പരിഗണിക്കും

Monday 20 May 2024 1:27 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രീംകോടതി അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിതയും ക്രിമിനൽ നടപടിക്രമം മാറ്റി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ ബില്ലുമാണ് കേന്ദ്രം കൊണ്ടുവന്നത്. പാർലമെന്റിൽ കാര്യമായ സംവാദം നടന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ബില്ലുകൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ ഡിസംബർ 25ന് അംഗീകാരം നൽകിയിരുന്നു. മൂന്നു നിയമങ്ങളും ജൂലായ് ഒന്നു മുതൽ നിലവിൽ വരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സമാനമായ മറ്റൊരു ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

Advertisement
Advertisement