ഉറക്കമില്ലാതെ ജോലി, ചിലപ്പോൾ 36 മണിക്കൂർ !

Monday 20 May 2024 1:58 AM IST

ഭോപ്പാൽ ഗാന്ധി മെഡിക്കൽ കോളേജിലെ അഞ്ച് വിദ്യാർത്ഥികൾ ഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (ഫൈമ) ചെയർമാന് വ്യക്തിവിവരം വെളിപ്പെടുത്താതെ, ആത്മഹത്യാ ഭീഷണിക്കത്തെഴുതി. കത്തിൽ പറയുന്നതിങ്ങനെ: ഉറങ്ങാൻ പോലുമാകാതെ തുടർച്ചയായി 24 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നു. ചിലപ്പോൾ 36 മണിക്കൂർ!. ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും ജോലി. സുഖമില്ലാതെ തളർന്നുവീണാലും അവധി കിട്ടാറില്ല.

സീനിയർ, കൺസൾട്ടന്റ് ഡോക്ടർമാരുടെ ചീത്തവിളി കേൾക്കണം. പ്രതികരിച്ചാൽ പരീക്ഷ ജയിക്കില്ലെന്നും ഡിഗ്രി കിട്ടില്ലെന്നും ഭീഷണി. നീതിയും സംസ്‌കാരവുമില്ലാത്ത പെരുമാറ്റം. മാനസികപീഡനം വേറെയും. ഭക്ഷണം കഴിക്കാനുള്ള സമയം വെറും 10 മുതൽ 15 മിനിറ്റ്. പലരുടെയും ആരോഗ്യസ്ഥിതി വഷളാണ്. എല്ലാ ഒന്നാംവർഷ റസിഡന്റ് ഡോക്ടർമാരും ഇത്തരത്തിൽ പ്രശ്‌നം നേരിടുന്നുണ്ട്. അവർക്ക് മാനസികാരോഗ്യമില്ല. ഗർഭിണി ഉൾപ്പെടെ രണ്ട് വനിതാ ഡോക്ടർമാർ (ഡോ.അകൻഷ മഹേശ്വരി, ഡോ.ബാല സരസ്വതി) ആത്മഹത്യ ചെയ്തപ്പോഴെങ്കിലും എല്ലാം ശരിയാകുമെന്ന് കരുതി.

പോര, മെന്റർഷിപ്പ്

പഠനഭാരം താങ്ങാനാകാത്തവർ ഉൾപ്പെടെ നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ സൈക്യാട്രിസ്റ്റുകളെ സമീപിക്കുന്നു. പഠിച്ചത് മറക്കുക, വിഷാദം, ലഹരി ഉപയോഗം, മറ്റുള്ളവരുമായുള്ള താരതമ്യം തുടങ്ങിയവയാണ് പ്രശ്‌നങ്ങൾ. റാംഗിംഗ് പഴയത് പോലെയില്ല. വിദ്യാർത്ഥികൾക്ക് ഇപ്പോൾ 'മെന്റർഷിഷ്' ഉണ്ട്. മാനസിക പ്രശ്‌നങ്ങളുണ്ടാകും വരെ സീനിയർമാർ ഉൾപ്പെടെ സ്വാന്ത്വനിപ്പിക്കും, സഹായിക്കും. ഹെൽപ് ലൈൻ, ലൈഫ് സ്‌കിൽ ട്രെയിനിംഗ് എന്നിവയും പലയിടത്തുമുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. മെഡിക്കൽ വിദ്യാർത്ഥികളുടെ പരീക്ഷാവിഷയങ്ങളിൽ മനോരോഗ ചികിത്സയില്ല.

ഹെൽപിംഗ് ഹാൻഡ്‌സ്

ഡോക്ടർമാരുടെ ആത്മഹത്യ തടയാൻ ഐ.എം.എ ഹെൽപിംഗ് ഹാൻഡ്‌സ് എന്ന പേരിൽ ആപും സൗജന്യ ടെലി കൗൺസലിംഗും ഏർപ്പെടുത്തി. രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ വിളിക്കാം. വിവരങ്ങൾക്ക് ഫോൺ: 8136996048.

കുറഞ്ഞശമ്പളം മുതൽ പിന്തുണയില്ലായ്മ വരെ

തുടക്കക്കാർക്ക് പലയിടത്തും കുറഞ്ഞ ശമ്പളം
അവസരങ്ങൾ കുറവ്, പ്രവൃത്തി പരിചയക്കുറവ്
രോഗികളുടെ, ബന്ധുക്കളുടെ ഇടപെടൽ
സർക്കാർ മേഖലയിൽ ട്രാൻസ്ഫർ
രാഷ്ട്രീയ ഇടപെടൽ, കേസുകൾ
ധന, ഭരണപരമായ ചുമതലകൾ
പരാജയത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ട്
എല്ലാം പെട്ടെന്ന് വേണമെന്ന മനോഭാവം
കുടുംബത്തിൽ പിന്തുണയില്ലായ്മ
നല്ല വീട്, കാർ ഉൾപ്പെടെയുള്ള സ്റ്റാറ്റസ് പ്രശ്‌നം

പരിഹാരം

സ്വന്തം പരിമിതികൾ മനസിലാക്കുക
സമ്മർദ്ദം തിരിച്ചറിഞ്ഞ്, ആരോടെങ്കിലും പറയുക
വിജയിക്കാൻ ആസൂത്രണം, മൂല്യനിർണയം
വിജയത്തിൽ സ്വയം അഭിനന്ദിക്കുക,
ധ്യാനം, ക്രിയാത്മകമായ സ്വയം സംഭാഷണം
വേണ്ട അമിതചിന്ത, വേണം വ്യായാമം
കുടുംബവുമൊത്തും തനിച്ചും അൽപ്പസമയം
സമയക്രമീകരണം, സാമ്പത്തിക അച്ചടക്കം

ഗാന്ധി മെഡിക്കൽ കോളേജിലെ പ്രശ്‌നം ഇപ്പോൾ നിയന്ത്രണാധീനമാണ്. ജോലി സമയം മാറ്റിയത് ഉൾപ്പെടെ നടപടികളെടുത്തു.

ഡോ.രോഹൻ കൃഷ്ണൻ
ചെയർമാൻ, ഫൈമ.

Advertisement
Advertisement