ആർ.എസ്.എസ് സഹായം ബി.ജെ.പിക്ക് അനിവാര്യമല്ല: നദ്ദ

Monday 20 May 2024 2:48 AM IST

ന്യൂഡൽഹി: ആർ.എസ്.എസ് സഹായം ആവശ്യമായിരുന്ന കാലഘട്ടം മാറിയെന്നും, ബി.ജെ.പി ഇപ്പോൾ സ്വന്തംനിലയിൽ കാര്യങ്ങൾ നടത്തുന്നുവെന്നും ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ നദ്ദയുടെ പ്രതികരണം.

ഇപ്പോഴത്തെയും, എ.ബി. വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയുമുള്ള ആർ.എസ്.എസിന്റെ പാർട്ടിയിലെ സാന്നിദ്ധ്യത്തെപ്പറ്റി ചോദ്യമുന്നയിച്ചപ്പോഴാണ് പ്രതികരണം. തുടക്കത്തിൽ പാർട്ടി ശക്തമായിരുന്നില്ല. ആർ.എസ്.എസിന്റെ സഹായം ആവശ്യമായിരുന്നു. ആ കാലത്തുനിന്ന് ബി.ജെ.പി വളർന്നു. ഇപ്പോൾ പാർട്ടി സ്വന്തം കാര്യം നോക്കാൻ പര്യാപ്‌തമായി. ആർ.എസ്.എസ് സാമൂഹ്യ, സാംസ്‌കാരിക സംഘടനയാണ്.

മഥുരയിലും കാശിയിലും ക്ഷേത്രം നിർമ്മിക്കുന്നത് ബി.ജെ.പിയുടെ പദ്ധതിയിൽ ഇല്ല. ബി.ജെ.പിക്ക് അങ്ങനെയൊരു ആഗ്രഹമോ, ആശയമോ, പദ്ധതിയോ ഇല്ല. അതേപ്പറ്രി ചർച്ചയും നടന്നിട്ടില്ല. ക്ഷേത്രനിർമ്മാണത്തെപ്പറ്റി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, അസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മയും പറയുന്നത് അവരുടെ പ്രസംഗശൈലിയുടെ ഭാഗമാണ്. അയോദ്ധ്യയിലെ രാമക്ഷേത്രം പാർട്ടി പ്രമേയം പാസാക്കി ആവശ്യപ്പെട്ടതാണ്. പാർട്ടിയുടെ അജൻഡയിൽ ഉൾപ്പെട്ടിരുന്നു.

 ആ.എസ്.സിനെ ബി.ജെ.പി നിരോധിക്കുമെന്ന് ഉദ്ദവ്

അതേസമയം മൂന്നാം തവണയും ബി.ജെ.പി അധികാരത്തിലെത്തിയാൽ ആർ.എസ്.എസിനെ നിരോധിക്കുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം നേതാവ് ഉദ്ദവ് താക്കറെ. ശിവസേനയെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞത് പോലെ ആർ.എസ്.എസിനോടും കാണിക്കാനാണ് പദ്ധതിയൊരുങ്ങുന്നത്. അക്കാര്യം സൂചിപ്പിക്കുന്നതാണ് നദ്ദയുടെ വാക്കുകളെന്നും ഉദ്ദവ് ആരോപിച്ചു.

Advertisement
Advertisement