3,400 വർഷങ്ങൾക്ക് മുമ്പ് മരണം, വീണ്ടും തെളിഞ്ഞ് അമൻഹോട്ടപിന്റെ മുഖം

Monday 20 May 2024 7:48 AM IST

കയ്‌റോ: 3,400 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഈജിപ്ഷ്യൻ ഭരണാധികാരി അമൻഹോട്ടപ് മൂന്നാമന്റെ മുഖം പുനഃസൃഷ്ടിച്ച് ശാസ്ത്രലോകം. ബി.സി 1332 - ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്ന തുത്തൻഖാമന്റെ മുത്തച്ഛനാണ് അമൻഹോട്ടപ്. ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്നാണ് അമൻഹോട്ടപിനെ കണക്കാക്കുന്നത്.

ഇതാദ്യമായാണ് അമൻഹോട്ടപിന്റെ മുഖം ഗവേഷകർ പുനഃസൃഷ്ടിക്കുന്നത്. ബി.സി 14 - ാം നൂറ്റാണ്ടിലാണ് അമൻഹോട്ടപ് ഈജിപ്റ്റ് ഭരിച്ചിരുന്നത്. ജീവിക്കുന്ന ദൈവമായാണ് ഈജിപ്ഷ്യൻ ജനത അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. അളവറ്റ സമ്പത്തിന്റെ കാലഘട്ടമായിരുന്നു അന്ന് ഈജിപ്റ്റിൽ. മറ്റ് ഫറവോമാരേക്കാൾ കൂടുതൽ പ്രതിമകളാണ് ഇദ്ദേഹത്തിന്റേതായി കണ്ടെത്തിയിട്ടുള്ളത്. അതിനാൽ ഈജിപ്ഷ്യൻ ഫറവോമാരിൽ മഹാനായാണ് അമൻഹോട്ടപിനെ കരുതുന്നത്.

അമൻഹോട്ടപിന്റെ മമ്മിയിലെ തലയോട്ടിയിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര ടീമാണ് ഫേഷ്യൽ റീകൺസ്ട്രക്ഷന് നേതൃത്വം നൽകിയത്. അമൻഹോട്ടപിന്റെ മുഖം ഇതുപോലെ ആയിരുന്നിരിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സൂര്യന്റെയും വായുവിന്റെയും ദേവനായ അമുൻ ആണ് അമൻഹോട്ടപിന്റെ പിതാവെന്നായിരുന്നു സങ്കല്പം.

ഈജിപ്റ്റിൽ വ്യാപക നിർമ്മാണ പ്രവ‌ർത്തനങ്ങൾക്ക് തുടക്കമിട്ടത് ഇദ്ദേഹമാണ്. അമൻഹോട്ടപിന്റെ മകൻ അഖ്‌നാതെന്റെ മകനാണ് തുത്തൻഖാമൻ എന്നാണ് പൊതുവെ കരുതുന്നത്. 156 സെന്റീമീറ്ററായിരുന്നു അമൻഹോട്ടപിന്റെ ഉയരം. ഈജിപ്ഷ്യൻ ഫറവോമാരിൽ ഉയരത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിലായിരുന്നു അദ്ദേഹം.

ബി.സി 1352ൽ നാൽപ്പതോ അമ്പതോ വയസുള്ളപ്പോഴാണ് അമൻഹോട്ടപ് മരിച്ചത്. ആർത്രൈറ്റിസ്, അമിത വണ്ണം തുടങ്ങിയ പ്രശ്നങ്ങൾ ഇദ്ദേഹം നേരിട്ടിരുന്നെന്ന് കരുതുന്നു. നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിനടുത്തുള്ള വാലി ഒഫ് കിംഗ്സിലാണ് അമൻഹോട്ടപിന്റെ കല്ലറയുള്ളത്. അദ്ദേഹത്തിന്റെ മമ്മി കയ്‌റോയിലെ നാഷണൽ മ്യൂസിയം ഒഫ് ഈജിപ്ഷ്യൻ സിവിലൈസേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.

Advertisement
Advertisement