എന്താ പേടിച്ചുപോയോ ?

Monday 20 May 2024 7:48 AM IST

ന്യൂയോർക്ക്: വിചിത്ര രൂപത്തിലെ നിരവധി ജീവികളാണ് ജന്തുലോകത്തുള്ളത്. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ഹാമർഹെഡ് വവ്വാൽ. കാഴ്ചയിൽ ഭീതി ജനിപ്പിക്കുമെങ്കിലും പഴങ്ങൾ കഴിച്ച് ജീവിക്കുന്ന ഇക്കൂട്ടർ ശരിക്കും പാവങ്ങളാണ്. ബിഗ് ലിപ്പ്ഡ് ബാറ്റ് എന്നും ഇവ അറിയപ്പെടുന്നു.

പടിഞ്ഞാറൻ, മദ്ധ്യ ആഫ്രിക്കൻ മേഖലകളിലാണ് ഇക്കൂട്ടരുടെ വാസം. ചുറ്റികയെ സ്മരിപ്പിക്കും വിധം ചതുരാകൃതിയിലുള്ള ഭീമൻ തലയാണ് ഇവയ്ക്ക്. ചുണ്ടും മൂക്കും വളരെ വലുതാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ വവ്വാൽ സ്പീഷീസാണ് ഇവ. ചിറകുകൾ തമ്മിൽ 3.3 അടി നീളമുണ്ട്. ആൺ വവ്വാലുകൾക്കാണ് വലിപ്പം കൂടുതൽ. ഗ്രേ കലർന്ന ബ്രൗൺ നിറമാണ് ഹാമർഹെഡ് വവ്വാലുകൾക്ക്.

മനുഷ്യരെ ആക്രമിക്കില്ലെങ്കിലും പഴങ്ങൾ ആഹാരമാക്കുന്നതിലൂടെ മനുഷ്യർക്ക് തലവേദനയാണ് ഇക്കൂട്ടർ. ഫിഗ്, മാമ്പഴം, വാഴപ്പഴം എന്നിവയാണ് ഇവയുടെ ഇഷ്ട ഭക്ഷണം. രാത്രി വളരെ ഉച്ചത്തിലുള്ള ശബ്ദമാണ് ഇവ പുറപ്പെടുവിക്കുന്നത്. മാംസം കഴിക്കുന്നതിനും ഇവയ്ക്ക് മടിയില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മാരകമായ എബോള വൈറസിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിനിടെ ഹാമർഹെഡ് വവ്വാലുകളും പ്രതിക്കൂട്ടിലെത്തിയിരുന്നു. എബോള വൈറസിനെതിരെയുള്ള ആന്റിബോഡികൾ നിരവധി ഹാമർഹെഡ് വവ്വാലുകളിൽ കണ്ടെത്തിയിരുന്നു. എണ്ണത്തിൽ വളരെ കൂടുതലായതിനാൽ ഇവയെ പ്രത്യേക സംരക്ഷണ അർഹിക്കുന്ന സ്പീഷീസുകളുടെ പട്ടികയിൽപ്പെടുത്തിയിട്ടില്ല.

Advertisement
Advertisement