ബഹിരാകാശത്ത് ചരിത്രം കുറിച്ച് ഗോപീചന്ദ് തോട്ടകുറ

Monday 20 May 2024 7:49 AM IST

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ആന്ധ്രാപ്രദേശ് സ്വദേശി ക്യാപ്റ്റൻ ഗോപീചന്ദ് തോട്ടകുറ (30). ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ് 25 ദൗത്യത്തിലൂടെയാണ് ഗോപീചന്ദ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്നലെ ഇന്ത്യൻ സമയം രാത്രി 8.06ന് വെസ്റ്റ് ടെക്സസിലെ ബ്ലൂ ഒറിജിൻ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന കാർമൻ രേഖ മറികടന്ന ശേഷം പേടകം 8.16ന് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങി. മനുഷ്യരേയും വഹിച്ചുള്ള ബ്ലൂ ഒറിജിനിന്റെ ഏഴാം ദൗത്യമായിരുന്നു ഇത്. കൊമേഴ്ഷ്യൽ ജെറ്റ് പൈലറ്റും സംരംഭകനുമാണ് ഗോപീചന്ദ്. ഫ്ലോറിഡയിലെ എംബ്രി - റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എയറോനോട്ടിക്കൽ സയൻസിൽ ബിരുദം നേടിയ ഇദ്ദേഹം അ​റ്റ്‌ലാൻഡയിൽ ഒരു ഹോളിസ്റ്റിക് വെൽനസ് സെന്റർ നടത്തുകയാണ്. എഡ് ഡ്വൈ​റ്റ് എന്ന 90കാരൻ അടക്കം ആകെ ആറ് സഞ്ചാരികളാണ് ദൗത്യത്തിലുണ്ടായിരുന്നത്. 2022 ഓഗസ്റ്റിലായിരുന്നു മനുഷ്യരെയും വഹിച്ചുള്ള അവസാന ബ്ലൂ ഒറിജിൻ ദൗത്യം.

Advertisement
Advertisement