യുദ്ധാനന്തര ഗാസയെ ചൊല്ലി തർക്കം : ഇസ്രയേൽ യുദ്ധ ക്യാബിനറ്റിൽ ഭിന്നത, നെതന്യാഹുവിന് അന്ത്യശാസനം

Monday 20 May 2024 7:49 AM IST

ടെൽ അവീവ്: ഗാസ യുദ്ധം അനന്തമായി നീളുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിലെ യുദ്ധ ക്യാബിനറ്റ് അംഗങ്ങൾ രംഗത്ത്. യുദ്ധാനന്തര ഗാസയിലെ ഭരണം സംബന്ധിച്ച തീരുമാനം ജൂൺ എട്ടിനകം പ്രഖ്യാപിച്ചില്ലെങ്കിൽ താനും നാഷണൽ യൂണിറ്റി പാർട്ടിയും ക്യാബിനറ്റ് വിടുമെന്ന് മന്ത്രി ബെന്നി ഗാന്റ്‌സ് അന്ത്യശാസനം നൽകി. ഹമാസ് ബന്ദിയാക്കിയ ഒരാളുടെ മൃതദേഹം കൂടി ഇന്നലെ കണ്ടെത്തിയതോടെ ഇസ്രയേലിൽ പ്രതിഷേധം ശക്തമായതിനിടെയാണിത്. ഒരാഴ്ചയ്ക്കിടെ കണ്ടെത്തുന്ന നാലാമത്തെ ബന്ദിയുടെ മൃതദേഹമാണ് ഇത്. ജീവനോടെയുണ്ടെന്ന് കരുതുന്ന നൂറോളം ബന്ദികളുടെ കാര്യത്തിൽ ഇതോടെ ആശങ്ക ശക്തമായി.

ദേശതാത്‌പര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചാൽ പങ്കാളികളായി ഒപ്പമുണ്ടാകും. എന്നാൽ സ്വാർത്ഥ താത്പര്യങ്ങളുടെ പാത തിരഞ്ഞെടുത്ത് രാജ്യത്തെ പടുകുഴിയിലേക്ക് നയിച്ചാൽ സർക്കാർ വിടുമെന്ന് ഗാന്റ്‌സ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി. ഗാന്റ്‌സിന്റെ വാക്കുകൾ ഇസ്രയേലിന്റെ പരാജയത്തെയാണ് അർത്ഥമാക്കുന്നതെന്ന് നെതന്യാഹു പ്രതികരിച്ചു. യുദ്ധാനന്തര ഗാസയെ ഇസ്രയേൽ ഭരിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പരസ്യമായി പറഞ്ഞതിന് പിന്നാലെയാണിത്. ഗാസയുടെ ഭാവിയെ പറ്റിയുള്ള ആസൂത്രണത്തിന്റെ അഭാവം യുദ്ധത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കുമെന്നും ഇസ്രയേലിന്റെ ദീർഘകാല സുരക്ഷയെ അപകടത്തിലാക്കുമെന്നും ഗാലന്റ് പ്രതികരിച്ചിരുന്നു. എന്നാൽ,​ ഗാസയിൽ ഇസ്രയേലിന്റെ സൈനിക,​ സിവിലിയൻ ഭരണം വേണമെന്നാണ് ക്യാബിനറ്റിലെ തീവ്ര വലതുപക്ഷവാദികളുടെ ആവശ്യം.

 ഗാന്റ്‌സിന്റെ ആവശ്യങ്ങൾ

തന്ത്രപരമായ ആറ് ലക്ഷ്യങ്ങൾ നേടാനുള്ള പദ്ധതി ഉടൻ ആവിഷ്കരിക്കണം.

1. ബന്ദികളുടെ മോചനം

2. ഹമാസിനെ തകർത്ത് ഗാസയുടെ മേൽ ഇസ്രയേൽ സുരക്ഷാ നിയന്ത്രണം നേടണം

3. അമേരിക്കൻ, യൂറോപ്യൻ, അറബ്, പാലസ്തീൻ ഘടകങ്ങളെ ഉൾപ്പെടുത്തി ഗാസയ്ക്കായി ഒരു അന്താരാഷ്ട്ര സിവിലിയൻ ഭരണ സംവിധാനം വേണം. ഹമാസ്, പാലസ്തീനിയൻ അതോറിറ്റി എന്നിവർക്ക് പകരമുള്ള ഗാസയിലെ ബദൽ ഭരണത്തിന് ഇത് അടിസ്ഥാനമാകും

4. ഹിസ്ബുള്ള ആക്രമണങ്ങളെ തുടർന്ന് ഒഴിപ്പിച്ച വടക്കൻ ഇസ്രയേലിലെ ജനങ്ങളെ സെപ്തംബർ ഒന്നിനകം തിരിച്ചെത്തിക്കണം.

5. ഇറാനെതിരെ സഖ്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുമായി ബന്ധം സാധാരണനിലയിലാക്കാൻ ചർച്ച വേണം

6. സൈനിക, ദേശീയ സേവനങ്ങൾക്കായി ഒരു ചട്ടക്കൂട് വേണം. അതിന് കീഴിൽ എല്ലാ ഇസ്രയേലികളും രാജ്യത്തെ സേവിക്കുകയോ ദേശത്തിന് സംഭാവന നൽകുകയോ വേണം

 

 ചോരക്കളമായി നുസൈറത്ത്

ഇതിനിടെ, മദ്ധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണം 35,380 കടന്നു. റാഫയിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 8,00,000 കടന്നു.

Advertisement
Advertisement